ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചിരുന്നു. നേരത്തെ നടന്ന മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ നേരിടേണ്ടി വന്ന തോല്‍വിക്ക് മധുര പ്രതികാരമെന്നോണമായിരുന്നു റെഡ് ഡെവിള്‍സിന്റെ വിജയം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധ നിരയെ മാത്രമല്ല, എതിരാളികളുടെ ആരാധകരെയും ഹാലണ്ടിന് ഒരേസമയം നേരിടേണ്ടി വന്നിരുന്നു. താരത്തിന്റെ കാലില്‍ പന്തുതൊടുമ്പോഴെല്ലാം തന്നെ ആരാധകര്‍ മുഴക്കിയിരുന്ന ചാന്റുകളായിരുന്നു ഹാലണ്ടിനെ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കിയത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ യുണൈറ്റഡ് ആരാധകരുടെ മൈന്‍ഡ് ഗെയ്മിന് മുമ്പില്‍ ഹാലണ്ടിന് ഉത്തരമില്ലാതെ പോവുകയായിരുന്നു.
ഹാലണ്ടിന്റെ അച്ഛനും മുന്‍ സിറ്റി മിഡ് ഫീല്‍ഡറുമായ ആല്‍ഫി ഹാലണ്ടിന്റെ പേരായിരുന്നു യുണൈറ്റഡ് ആരാധകര്‍ കളിക്കിടെ മുഴക്കിയത്. മുമ്പ് നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡ് താരമായ റോയ് കീനിന്റെ ഫൗളില്‍ കരിയര്‍ തന്നെ ഇല്ലാതായ താരമായിരുന്നു ആല്‍ഫി ഹാലണ്ട്.
‘Haaland, Haaland, how’s your dad?’ എന്നായിരുന്നു മാഞ്ചസ്റ്റര്‍ ആരാധകര്‍ ചാന്റ് ചെയ്തത്.
ഇതിന് മറുപടിയെന്നോണം ‘Keano, Keano’ എന്ന് റോയ് കീനിന്റെ പേരും യുണൈറ്റഡ് ആരാധകര്‍ മുഴക്കി.
2001ലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയിലായിരുന്നു ആല്‍ഫി ഹാലണ്ടിന്റെ കരിയര്‍ പോലും അവതാളത്തിലാക്കിയ ഫൗള്‍ പിറന്നത്. 1998ലെ മത്സരത്തിനിടെ നടന്ന ഫൗളിന് പ്രതികാരമെന്നോണം കീന്‍ ആല്‍ഫി ഹാലണ്ടിനെ ഫൗള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു.
ഫൗളിന്റെ കാര്യത്തില്‍ ജനുവരി 14ന് നടന്ന മത്സരവും ഒട്ടും മോശമായിരുന്നില്ല. 15 ഫൗളായിരുന്നു യുണൈറ്റഡ് നടത്തിയത്. അഞ്ചെണ്ണം സിറ്റിയും കണ്‍സീഡ് ചെയ്തു. മൂന്ന് യെല്ലോ കാര്‍ഡാണ് റഫറി പുറത്തെടുത്തത്. മൂന്നും യുണൈറ്റഡ് താരങ്ങള്‍ക്കെതിരെ തന്നെയായിരുന്നു.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 60ാം മിനിട്ടിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. സബ്സ്റ്റ്യൂട്ടായി കളത്തിലിറങ്ങിയ ജാക് ഗ്രെലിഷാണ് സിറ്റിയെ മുന്നിലെത്തിച്ചത്.
എന്നാല്‍ 78ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളില്‍ ഒപ്പമെത്തിയ യുണൈറ്റഡ് നാല് മിനിട്ടിനകം തന്നെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിലൂടെ ലീഡ് നേടുകയും വിജയം സ്വന്തമാക്കുകയും ചെയ്തു.
ഈ മത്സരത്തിലെ വിജയത്തിന് പിന്നാലെ മൂന്നാം സ്ഥാനത്തെത്താനും യുണൈറ്റഡിനായി. 18 മത്സരത്തില്‍ നിന്നും 12 വിജയവും രണ്ട് സമനിലയും നാല് തോല്‍വിയുമടക്കം 38 പോയിന്റാണ് യുണൈറ്റഡിനുള്ളത്.