പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്‌സ്പഴ്‌സ് താരം ഹാരി കെയ്‌നെ ചാന്റ് ചെയ്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍. വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ ഇംഗ്ലണ്ട് സൂപ്പര്‍താരം യുണൈറ്റഡിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ആരാധകര്‍ താരത്തെ ചാന്റ് ചെയ്തത്.
‘കെയ്ന്‍, നമുക്ക് ജൂണില്‍ കാണാം’ എന്നുതുടങ്ങുന്ന ചാന്റുകളാണ് താരത്തിന് നേരെ ഉയര്‍ന്നത്. ജൂലൈ ഒന്നിനാണ് സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുക.
ഈ സീസണിന്റെ അവസാനം സ്പഴ്‌സുമായി താരം പിരിയും എന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് കെയ്‌നെ സൈന്‍ ചെയ്യിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ക്ലബ്ബില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പുറത്തായതിന് ശേഷം സെന്റര്‍ ഫോര്‍വേഡിലേക്ക് ഒത്ത പകരക്കാരനെ അന്വേഷിക്കുകയാണ് റെഡ് ഡെവില്‍സ്.
ബേണ്‍ലിയില്‍ നിന്ന് വൂട്ട് വെഗോസ്റ്റ് ലോണടിസ്ഥാനത്തില്‍ യുണൈറ്റഡില്‍ എത്തിയിരുന്നെങ്കിലും ക്ലബ്ബിന്റെ പ്രതീക്ഷക്കൊത്തുയരാന്‍ താരത്തിന് സാധിച്ചിട്ടില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുറമെ പി.എസ്.ജി, ചെല്‍സി, ബയേണ്‍ മ്യൂണിക്ക് എന്നീ മുന്‍നിര ക്ലബ്ബുകളും ഹാരി കെയ്‌നെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. പി.എസ്.ജിയില്‍ നിന്ന് ലയണല്‍ മെസി പോകുന്നതോടെ പകരക്കാരനായി കെയ്‌നെയാണ് മാനേജ്‌മെന്റ് നോട്ടമിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടോട്ടന്‍ഹാം ഹോട്ട്‌സ്പറുമായി സമനില വഴങ്ങിയിരുന്നു. രണ്ട് ഗോളുകള്‍ വീതമാണ് ഇരു ടീമുകളും നേടിയത്. സ്പഴ്‌സിനായി പെഡ്രോ പൊറോയും സണ്‍ ഹ്യൂങ് മിനും ഗോള്‍ നേടിയപ്പോള്‍ സാഞ്ചോയും മാര്‍ക്കസും റാഷ്‌ഫോര്‍ഡുമാണ് യുണൈറ്റഡിനായി സൈന്‍ ചെയ്തത്.
ഈ സീസണില്‍ ഇതുവരെ നടന്ന 33 മത്സരങ്ങളില്‍ നിന്ന് 16 ജയവുമായി 54 പോയിന്റോടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സ്പഴ്‌സ്. 31 മത്സരങ്ങളില്‍ നിന്ന് 18 ജയവും 60 പോയിന്റോടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
Content Highlights: Manchester United fans chant on super star Harry Kane goes viral