| Saturday, 14th January 2023, 9:34 pm

ചരിത്രത്തിന് മരണമില്ല; സിറ്റിയെ കൊന്ന് കൊലവിളിച്ചതിന് പിന്നാലെ ചുവന്ന ചെകുത്താന്‍മാര്‍ക്ക് അഭിനന്ദന പ്രവാഹം

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിയെ പരാജയപ്പെടുത്തിയതിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ട്വിറ്ററില്‍ അഭിനന്ദന പ്രവാഹം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കളിത്തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം.

ഇതോടെ നേരത്തെ സിറ്റിയുടെ ഹോം സ്‌റ്റേഡിയത്തില്‍ വെച്ച് ഏറ്റുവാങ്ങേണ്ടി വന്ന തോല്‍വിക്ക് പ്രതികാരം വീട്ടാനും യുണൈറ്റഡിന്റെ ചുവന്ന ചെകുത്താന്‍മാര്‍ക്കായി.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 60ാം മിനിട്ടിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. സബ്സ്റ്റ്യൂട്ടായി കളത്തിലിറങ്ങിയ ജാക് ഗ്രെലിഷാണ് സിറ്റിയെ മുന്നിലെത്തിച്ചത്.

എത്തിഹാഡ് സ്റ്റേഡിയത്തില്‍ വഴങ്ങിയ തോല്‍വിക്ക് പിന്നാലെ, സ്വന്തം മണ്ണിലും തോല്‍ക്കേണ്ടി വരുമോ എന്ന ആരാധകരുടെ ആശങ്കകളെ കാറ്റില്‍ പറത്തി 78ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു.

സ്‌കോര്‍ സമനിലയിലായതിന്റെ ആഘാതം മാറും മുമ്പ് തന്നെ യുണൈറ്റഡ് അടുത്ത വെടിയും പൊട്ടിച്ചു. ആഗ്യ ഗോള്‍ പിറന്ന് കൃത്യം നാലാം മിനിട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് സിറ്റിയുടെ ഗോള്‍വല കുലുക്കിയതോടെ ഓള്‍ഡ് ട്രാഫോര്‍ഡ് പൊട്ടിത്തെറിച്ചു.

ഒടുവില്‍ മത്സരം അവസാനിച്ചപ്പോള്‍ എത്തിഹാഡ് സ്‌റ്റേഡിയത്തില്‍ തങ്ങള്‍ അനുഭവിച്ച അതേ അപമാന ഭാരത്തിന്റെ കയ്പുനീര്‍ സിറ്റിക്ക് പകര്‍ന്നുനല്‍കിയാണ് എറിക് ടെന്‍ ഹാഗിന്റെ ചുവന്ന ചെകുത്താന്‍മാര്‍ പ്രതികാരം റോയലാക്കിയത്.

ഇതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അഭിനന്ദന പ്രവാഹങ്ങളുടെ പെരുമഴയാണ്. മുന്‍ മാഞ്ചസ്റ്റര്‍ താരങ്ങളും ആരാധകരും സോഷ്യല്‍ മീഡിയ ഒന്നാകെ ചുവപ്പണിയിച്ചിരിക്കുകയാണ്.

ചരിത്രത്തിന് മരണമില്ലെന്ന് എവ്ര ട്വീറ്റ് ചെയ്തപ്പോള്‍ കഴിഞ്ഞ ഡെര്‍ബിയില്‍ നിന്ന് ടീം ഏറെ മുന്നോട്ട് പോയെന്നാണ് ബാസ്റ്റിന്‍ ഷ്വെയെന്‍സ്റ്റീഗര്‍ കുറിച്ചത്.

മത്സരത്തിന്റെ സിംഹഭാഗവും നിയന്ത്രിച്ചത് സിറ്റിയായിരുന്നെങ്കിലും ഒടുവില്‍ കളി കയ്യടക്കിയത് യുണൈറ്റഡായിരുന്നു. 29 ശതമാനം ബോള്‍ പൊസെഷനായിരുന്നു ജയിച്ച യുണൈറ്റഡിനുണ്ടായിരുന്നതെങ്കില്‍ 71 ശതമാനം ബോള്‍ പൊസെഷനായിരുന്നു സിറ്റിക്കുള്ളത്.

ഈ മത്സരത്തിലെ വിജയത്തിന് പിന്നാലെ മൂന്നാം സ്ഥാനത്തെത്താനും യുണൈറ്റഡിനായി. 18 മത്സരത്തില്‍ നിന്നും 12 വിജയവും രണ്ട് സമനിലയും നാല് തോല്‍വിയുമടക്കം 38 പോയിന്റാണ് യുണൈറ്റഡിനുള്ളത്.

18 മത്സരത്തില്‍ നിന്നും 12 വിജയവും മൂന്ന് വീതം തോല്‍വിയും സമനിലയുമായി സിറ്റി രണ്ടാമതാണ്.

ജനുവരി 19നാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. ക്രിസ്റ്റല്‍ പാലസാണ് എതിരാളികള്‍.

Content Highlight: Manchester United defeats Manchester City in Manchester Derby

We use cookies to give you the best possible experience. Learn more