ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഗലാറ്റസറെയ് സമനിലയില്‍ കുരുക്കി. ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. മത്സരത്തില്‍ 3-1ന് മുന്നിട്ടുനിന്നതിന് ശേഷമായിരുന്നു യുണൈറ്റഡ് സമനില വഴങ്ങിയത്.
ഈ പ്രകടനത്തിലൂടെ ഒരു മോശം റെക്കോഡാണ് റെഡ് ഡെവിള്‍സിനെ തേടിയെത്തിയത്. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 20 മത്സരങ്ങളില്‍ നിന്നും 33 ഗോളുകളാണ് വഴങ്ങിയത്.
1962-63 സീസണില്‍ ആദ്യ 20 മത്സരങ്ങളില്‍ നിന്നും 43 ഗോളുകള്‍ വഴങ്ങിയതിന് ശേഷമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏറ്റവും മോശം പ്രകടനമാണിത്.
സമനിലയോടെ ഗ്രൂപ്പ് എയില്‍ നാല് പോയിന്റുമായി അവസാന സ്ഥാനത്താണ് റെഡ് ഡെവിള്‍സ്. ടൂര്‍ണമെന്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇനി നിലനില്‍ക്കണമെങ്കില്‍ അവസാന മത്സരത്തില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനെതിരെ ജയം അനിവാര്യമാണ്. അതേസമയം മറുഭാഗത്ത് കോപ്പന്‍ഹേഗന്‍ ഗലാറ്റസറെയുമായി പരാജയപ്പെടുകയും വേണം.
ഗലാറ്റസറെയുടെ ഹോം ഗ്രൗണ്ടായ റാംസ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനന്‍ യുവതാരം അലെജാന്‍ഡ്രോ ഗാര്‍നാച്ചോയുടെ ഗോളിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ആദ്യം ഗോള്‍ നേടിയത്.
18ാം മിനിട്ടില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ബ്രൂണോ ഫര്‍ണാണ്ടസ് റെഡ് ഡെവിള്‍സിനായി രണ്ടാം ഗോള്‍ നേടി. എന്നാല്‍ 29ാം മിനിട്ടില്‍ ഹക്കിം സിയാച്ചിലൂടെ ആതിഥേയര്‍ ഗോള്‍ തിരിച്ചടിച്ചു. ഒടുവില്‍ ആദ്യപകുതി പിന്നിട്ടപ്പോള്‍ റെഡ് ഡെവിള്‍സ് 2-1എന്ന നിലയില്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ 55 മിനിട്ടില്‍ സ്‌കോട് മക് ടോമിനയിലൂടെ യുണൈറ്റഡ് മൂന്നാം ഗോള്‍ നേടിയതോടെ 3-1ന് ടെന്‍ ഹാഗും കൂട്ടരും വീണ്ടും മത്സരത്തില്‍ മുന്നിട്ടുനിന്നു.
എന്നാല്‍ 62 മിനിട്ടില്‍ സിയാച്ച് വീണ്ടും ഗോള്‍ നേടി 71ാം മിനിട്ടില്‍ മുഹമ്മദ് കരീം അക്തുര്‍കൊഗ്ളുവും ഗോള്‍ നേടിയതോടെ മത്സരം 3-3 സമനിലയില്‍ പിരിയുകയായിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ഡിസംബര്‍ മൂന്നിന് ന്യൂകാസില്‍ യൂണൈറ്റഡിനെതിരെയാണ് ടെന്‍ ഹാഗിന്റേയും കൂട്ടരുടേയും അടുത്ത മത്സരം. ന്യൂകാസില്‍ ഹോം ഗ്രൗണ്ട് സെയ്ന്റ് ജെയിംസ് പാര്‍ക്ക് സ്റ്റേഡിയമാണ് വേദി.
Content Highlight: Manchester United create Their worst record since 1962-63 season.