ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനോട് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തോല്‍വി. തോല്‍വിക്ക് പിന്നാലെ റെഡ് ഡെവിള്‍സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തായി. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകള്‍ നേരിട്ട് യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടുമായിരുന്നു എന്നാല്‍ യുണൈറ്റഡ് നാലാം സ്ഥാനത്തായതിന് പിന്നാലെ യൂറോപ്പ ലീഗിലും അവര്‍ക്ക് കളിക്കാന്‍ സാധിക്കാതെയായി.
ബയേണ്‍ മ്യൂണിക്കിനെതിരെയുള്ള തോല്‍വിക്ക് പിന്നാലെ ഒരുപിടി നാണക്കേടിന്റെ റെക്കോഡുകളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തേടിയെത്തിയത്.
ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ഇംഗ്ലീഷ് ക്ലബ്ബ് എന്ന മോശം റെക്കോഡാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തേടിയെത്തിയത്. 15 ഗോളുകളാണ് എതിരാളികള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത്.
2005-06 സീസണിനു ശേഷം ഇതാദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ 71ാം മിനിട്ടില്‍ ഫ്രഞ്ച് താരം കിങ്‌സിലി കോമനാണ് ബയേണ്‍ മ്യൂണിക്കിന്റെ വിജയഗോള്‍ നേടിയത്.
ഗോള്‍ തിരിച്ചടിക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശ്രമങ്ങളെല്ലാം ബയേണ്‍ മ്യൂണിക്കിന്റെ പ്രതിരോധം തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ എതിരല്ലാത്ത ഒരു ഗോളിന് ടെന്‍ ഹാഗും കൂട്ടരും സ്വന്തം ആരാധകരുടെ മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.
തോല്‍വിയോടെ ഗ്രൂപ്പ് എയില്‍ ആറ് മത്സരങ്ങളില്‍ നിന്നും നാല് പോയിന്റുമായി അവസാന സ്ഥാനത്താണ് റെഡ് ഡെവിള്‍സ് ഫിനിഷ് ചെയ്തത്.
ഇംഗ്ലീഷ് പ്രീമിയം ലീഗല്‍ ഡിസംബര്‍ 17ന് കരുത്തരായ ലിവര്‍പൂളിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം. ലിവര്‍പൂള്‍ ഹോം ഗ്രൗണ്ട് ആന്‍ഫീല്‍ഡ് ആണ് വേദി.
Content Highlight: Manchester United create a bad record in UEFA Champions league.