| Thursday, 16th March 2023, 6:01 pm

അർജന്റീനയുടെ 'അത്ഭുത ബാലൻ' പരിക്കിന്റെ പിടിയിൽ; തലവേദന മാഞ്ചസ്റ്റർ യുണൈറ്റഡിന്

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരങ്ങളിൽ പ്രധാനിയാണ് അർജന്റീനയുടെ അത്ഭുതബാലൻ എന്നറിയപ്പെടുന്ന അലജാന്ദ്രോ ഗെർണാച്ചോ.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരയിൽ കളിക്കുന്ന താരം വേഗത കൊണ്ടും ഡ്രിബിളിങ്‌ മികവ് കൊണ്ടും ഷോട്ട് എടുക്കുന്നതിലുള്ള കൃത്യത കൊണ്ടും ഏതിരാളികളുടെ പേടി സ്വപ്നമാണ്.

എന്നാലിപ്പോൾ താരത്തിന് ഗുരുതരമായ പരിക്കുണ്ടെന്നും കുറച്ച് ആഴ്ചകൾ നീണ്ട വിശ്രമം ഗർണാച്ചോക്ക് ആവശ്യമുണ്ടെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗ്. നിലവിൽ 18 വയസുള്ള താരം ചുവന്ന ചെകുത്താൻമാരുടെ സ്‌ക്വാഡിലെ അഭിവാജ്യ ഘടകമായി മാറിയിട്ടുണ്ട്.

എന്നാൽ യൂറോപ്പാ ലീഗിൽ നടന്ന മത്സരത്തിനിടെ ആംഗിളിനേറ്റ പരിക്ക് മൂലം താരത്തിന് തുടർ മത്സരങ്ങൾ നഷ്ടപ്പെട്ടേക്കുമെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ആരാധകർ വലിയ നിരാശയിലാണ്.

യൂറോപ്പയിൽ റയൽ ബെറ്റിസിനെതിരെയുള്ള മത്സരത്തിന് പിന്നാലെയാണ് ഗർണാച്ചോയുടെ പരിക്കിനെപറ്റി ടെൻ ഹാഗ് വെളിപ്പെടുത്തിയത്.
“എനിക്ക് ഗർണാച്ചോ എന്ന് കളിക്കാനിറങ്ങും എന്നതിനെപറ്റി കൃത്യമായി ഒരു ധാരണയില്ല.

ചിലപ്പോൾ ആഴ്ചകൾ സമയമെടുത്തേക്കാം. അവന്റെ പരിക്ക് കുറച്ച് ഗുരുതരമാണ്. എറിക്സണ് ശേഷം ഞങ്ങൾക്ക് വലിയൊരു തിരിച്ചടിയാണ് ഗർണാച്ചോയുടെ പരിക്ക്,’ ടെൻ ഹാഗ് പറഞ്ഞു.

അതേസമയം  പ്രീമിയർ ലീഗിൽ നിലവിൽ 26 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളുമായി 50 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്.

മാർച്ച് 16ന് റയൽ ബെറ്റിസിനെതിരെയുള്ള യൂറോപ്പാ ലീഗ് പ്രീ ക്വാർട്ടർ മത്സരമാണ് ക്ലബ്ബിന് അടുത്തതായി കളിക്കാനുള്ളത്.

Content Highlights:Manchester United coach Erik ten Hag worrying injury update on Alejandro Garnacho

We use cookies to give you the best possible experience. Learn more