| Friday, 26th August 2022, 4:26 pm

അവന്റെ ആറ്റിറ്റിയൂഡ് കാരണം ടീം ഒന്നാകെ പൊറുതി മുട്ടിയിരിക്കുകയാണ്, മത്സരത്തിന് മുമ്പ് പോലും അവനെക്കൊണ്ട് രക്ഷയില്ല: മാഞ്ചസ്റ്റര്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ സ്വഭാവം കരണം പൊറുതി മുട്ടിയതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ്. താരത്തിന്റെ ആറ്റിറ്റിയൂഡ് കാരണം ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലിവര്‍പൂളിനെതിരായ മത്സരത്തിന് മുമ്പ് ടെന്‍ ഹാഗിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കോറോളം ടീം മീറ്റിങ് നടന്നതായും മുമ്പത്തെ മത്സരങ്ങളിലെ മോശം പ്രകടനം ചര്‍ച്ചയായതായും ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മീറ്റിങ്ങില്‍ മുന്‍ അയാക്‌സ് കോച്ച് കൂടിയായ ടെന്‍ ഹാഗ് ലിവര്‍പൂളിനെതിരായ മത്‌സരത്തില്‍, ക്യാപ്റ്റന്‍ ഹാരി മഗ്വയറും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയും സ്റ്റാര്‍ട്ടിങ് ലൈന്‍ അപ്പില്‍ ഉണ്ടാവില്ല എന്ന് അറിയിച്ചിരുന്നു.

മുമ്പ് നടന്ന രണ്ട് മത്സരത്തിലേയും മോശം പ്രകടനമാണ് മഗ്വയറിന് വിനയായതെങ്കില്‍, മോശം ആറ്റിറ്റിയൂഡും മനോഭാവവുമാണ് റൊണാള്‍ഡോയെ ചതിച്ചത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീ സീസണ്‍ ക്യാമ്പില്‍ റൊണാള്‍ഡോ പങ്കെടുത്തിരുന്നില്ല. ‘വ്യക്തിപരമായ കാരണങ്ങള്‍’ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം പ്രാക്ടീസിന് എത്താതിരുന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ കളിക്കണമെന്ന ആഗ്രഹത്തിന്റെ പുറത്ത് 13 തവണയാണ് റൊണാള്‍ഡോ ടീമിന് ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് നല്‍കിയത്. ഈ സമയങ്ങളിലെല്ലാം തന്നെ താരത്തിന്റെ ഏജന്റ് വിവിധ ക്ലബ്ബുകളുമായി ചര്‍ച്ചയിലായിരുന്നു.

എന്നാല്‍ റൊണാള്‍ഡോയെ വിട്ടുകളയാന്‍ കോച്ച് ടെന്‍ ഹാഗ് ഒരുക്കമായിരുന്നില്ല. അദ്ദേഹത്തിന്റെ പ്ലാനിങ്ങില്‍ റൊണാള്‍ഡോ ഒരു നിര്‍ണായക ഘടകം തന്നെയായിരുന്നു.

ബ്രിഗ്ടണെതിരായ ആദ്യ മത്സരത്തില്‍ രണ്ടാം പകുതിയില്‍ സബ്‌സ്റ്റിയൂട്ടായിട്ടായിരുന്നു റൊണാള്‍ഡോ ഇറങ്ങിയത്. ആ മത്സരത്തില്‍ 2-1ന് മാഞ്ചസ്റ്റര്‍ തോറ്റിരുന്നു.

അടുത്ത മത്സരത്തില്‍ 90 മിനിട്ടും താരം കളിച്ചിരുന്നു. എന്നാല്‍ ആ കളിയില്‍നാണംകെട്ടായിരുന്നു മാഞ്ചസ്റ്റര്‍ തോറ്റത്.

അതേസമയം, സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ മാഞ്ചസ്റ്ററില്‍ താരത്തിന്റെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ ഇനിയും മാറിയിട്ടില്ല. ഇതുസംബന്ധിച്ച ഒരു ചര്‍ച്ചകളും റൊണാള്‍ഡോയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

റൊണാള്‍ഡോയുടെ ഈ പ്രവര്‍ത്തിയില്‍ ടെന്‍ ഹാഗ് പ്രകോപിതനായിരുന്നു. ഇതിന് പിന്നാലെയാണ് ടീം മീറ്റിങ്ങില്‍ അദ്ദേഹം റൊണാള്‍ഡോയോട് പൊട്ടിത്തെറിച്ചത്.

മാഞ്ചസ്റ്ററില്‍ താന്‍ തീരുമാനിക്കുന്നത് പോലെ മാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളുവെന്നും അതിനുള്ള അധികാരം ക്ലബ്ബില്‍ തനിക്കുണ്ടെന്നും പറഞ്ഞ ടെന്‍ ഹാഗ്, മുഴുവന്‍ ടീം അംഗങ്ങളുടെയും മുമ്പില്‍ വെച്ചാണ് റൊണാള്‍ഡോ ലിവര്‍പൂളിനെതിരായ മത്സരത്തിലെ സ്റ്റാര്‍ട്ടിങ് ലൈന്‍ അപ്പില്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചത്.

രണ്ട് മത്സരങ്ങള്‍ തോറ്റ ശേഷം ലിവര്‍പൂളിനോടായിരുന്നു മാഞ്ചസ്റ്ററിന്റെ ആദ്യ ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തിയത്.

Content Highlight: Manchester United coach Eric Ten Hag against Cristiano Ronaldo

We use cookies to give you the best possible experience. Learn more