| Friday, 2nd February 2024, 8:33 am

ചരിത്രത്തിൽ ഇത് ആറാം തവണ; മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവേശവിജയം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആവേശകരമായ വിജയം. ഏഴു ഗോളുകള്‍ പിറന്ന മത്സരത്തില്‍ വോള്‍വ്‌സിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റെഡ് ഡെവിള്‍സ് പരാജയപ്പെടുത്തിയത്.

ഈ ആവേശകരമായ മത്സരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഒരു മത്സരത്തിന്റെ അവസാന 20 മിനിട്ടില്‍ അഞ്ച് ഗോളുകള്‍ പിറക്കുന്ന ആറാമത്തെ മത്സരമായിരുന്നു ഇത്.

വോള്‍വ്‌സിന്റെ തട്ടകമായ മോളിന്യൂക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-4-2-1 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ അണിനിരന്നത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്തുടര്‍ന്നത്.

മത്സരം തുടങ്ങിയ അഞ്ചാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് മാഞ്ചസ്റ്റര്‍ യുണൈഡിന് ആദ്യ ലീഡ് നേടിക്കൊടുത്തത്. മത്സരത്തിന്റെ 22ാം മിനിട്ടില്‍ റാസ്മസ് ഹോജ്‌ലണ്ട് സന്ദര്‍ശകര്‍ക്കായി രണ്ടാം ഗോള്‍ നേടി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നിട്ടുനിന്നു.

മത്സരത്തിന്റെ രണ്ടാം പകുതി കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു. അഞ്ച് ഗോളുകളാണ് രണ്ടാം പകുതിയില്‍ പിറന്നത്.

71ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് പാബ്ലോ സറാബിയ ആതിഥേര്‍ക്കായി ആദ്യ ഗോള്‍ നേടി. എന്നാല്‍ 75ാം മിനിട്ടില്‍ സ്‌കോട്ട് മക്ടോമിനായ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മൂന്നാം ഗോള്‍ നേടി.

എന്നാല്‍ 85ാം മിനിട്ടില്‍ മാക്‌സ് കില്‍മാനും ഇഞ്ചുറി ടൈമില്‍ പെഡ്രൊ നെറ്റോയും വോള്‍വ്‌സിനായി ഗോള്‍ നേടി മത്സരം സമനിലയില്‍ എത്തിച്ചു.  മത്സരത്തിന്റെ ഇഞ്ചുറി ടൈമിലെ അവസാന നിമിഷത്തില്‍ കോബിയോ മൈനോയിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി വിജയഗോള്‍ നേടുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 22 മത്സരങ്ങളില്‍ നിന്നും 11 വിജയവും രണ്ട് സമനിലയും ഒമ്പത് തോല്‍വിയും അടക്കം 35 പോയിന്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫെബ്രുവരി നാലിന് വെസ്റ്റ് ഹാമിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം. റെഡ് ഡെവിള്‍സിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡാണ് വേദി.

Content Highlight: Manchester united beat Wolves in English Premiere league.

Latest Stories

We use cookies to give you the best possible experience. Learn more