| Sunday, 26th May 2024, 8:47 am

ചുവന്നുതുടുത്ത് മാഞ്ചസ്റ്റര്‍! ലോകത്ത് ഒരു മാനേജര്‍ക്കും സാധ്യമാവാത്തത് ചെയ്തുകാട്ടി ചെകുത്താന്മാരുടെ തലവന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023-24 എഫ്.എ കപ്പ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റെഡ് ഡെവിള്‍സ് പരാജയപ്പെടുത്തിയത്. ഈ ആവേശകരമായ വിജയത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് സ്വന്തമാക്കിയത്.

ഒരു മേജര്‍ ഡൊമസ്റ്റിക് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തുന്ന ആദ്യ മാനേജര്‍ ആയി മാറാനാണ് ടെന്‍ ഹാഗിന് സാധിച്ചത്. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ 25 അണ്‍ബീറ്റണ്‍ മത്സരങ്ങള്‍ എന്ന നേട്ടത്തിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അന്ത്യം കുറിച്ചു.

ഇംഗ്ലണ്ടിലെ വെബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-2-2-2 എന്ന ഫോര്‍മേഷനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയിലെ 30ാം മിനിട്ടില്‍ അര്‍ജന്റീനന്‍ യുവതാരം അലജാന്‍ഡ്രോ ഗാര്‍നാച്ചോയിലൂടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യ ഗോള്‍ നേടിയത്. 39ാം മിനിട്ടില്‍ കോബീ മൈനൂവിലൂടെ യുണൈറ്റഡ് രണ്ടാം ഗോള്‍ നേടി. ഡുവില്‍ മത്സരത്തിന്റെ ആദ്യപകുതി പിന്നിടുമ്പോള്‍ റെഡ് ഡെവിള്‍സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി മികച്ച നീക്കങ്ങളാണ് നടത്തിയത്. ഒടുവില്‍ മത്സരത്തിന്റെ അവസാനനിമിഷങ്ങളില്‍ ജെറേമി ഡോക്കുവിലൂടെയാണ് സിറ്റി ഏകഗോള്‍ തിരിച്ചടിച്ചത്.

മത്സരത്തിന്റെ സര്‍വ്വാധിപത്യവും പെപ്പിന്റെയും കൂട്ടരുടെയും അടുത്തായിരുന്നു. 74 ശതമാനം ബോള്‍ പൊസഷന്‍ ഉണ്ടായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി 19 ഷോട്ടുകള്‍ ആണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ നാലെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു.

മറുഭാഗത്ത് 11 ഷോട്ടുകളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സിറ്റിയുടെ പോസ്റ്റിലേക്ക് ഉന്നം വെച്ചത് ഇതില്‍ അഞ്ചെണ്ണവും ടാര്‍ഗറ്റിലേക്ക് അടിക്കാന്‍ ടെന്‍ ഹാഗിനും കൂട്ടര്‍ക്കും സാധിച്ചു.

Content Highlight: Manchester United beat Manchester City and Won FA Cup

Latest Stories

We use cookies to give you the best possible experience. Learn more