ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ആസ്റ്റണ്‍ വില്ലക്കെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
ഈ മിന്നും വിജയത്തിന് പിന്നാലെ ഒരുപിടി മികച്ച റെക്കോഡ് നേട്ടങ്ങളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ബോക്‌സിങ് ഡേയില്‍ നടന്ന ഹോം മത്സരങ്ങളില്‍ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന റെക്കോഡ് നേട്ടം നിലനിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിച്ചു.
മത്സരത്തില്‍ മറ്റൊരു നേട്ടം സ്വന്തമാക്കാനും റെഡ് ഡെവിള്‍സിന് സാധിച്ചു. ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ രണ്ടു ഗോളുകള്‍ക്ക് പുറകില്‍ നിന്നതിന് ശേഷമായിരുന്നു ടെന്‍ ഹാഗിന്റേയും കൂട്ടരുടെയും തിരിച്ചുവരവ്.
രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്നതിനു ശേഷം ഏറ്റവും കൂടുതല്‍ തവണ വിജയം സ്വന്തമാക്കുന്ന ടീമെന്ന നേട്ടമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം പേരില്‍ ആക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ അഞ്ചുതവണയാണ് റെഡ് ഡെവിള്‍സ് രണ്ടു ഗോളുകള്‍ക്ക് പിറകില്‍ നിന്നതിനു ശേഷം വിജയിക്കുന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ 21ാം മിനിട്ടില്‍ ജോണ്‍ മക്ലിഗിനും 26ാം മിനിട്ടില്‍ ലിയാന്‍ഡര്‍ ഡെന്‍ഡോന്‍ക്കെറും നേടിയ ഗോളിലൂടെ ആസ്റ്റണ്‍ വില്ല ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ റെഡ് ഡെവിള്‍സ് ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. അര്‍ജന്റീനന്‍ യുവതാരം അലജാന്‍ഡ്രോ ഗാര്‍നാച്ചോ 59′,71′ എന്നീ മിനിട്ടുകളില്‍ നേടിയ ഇരട്ട ഗോളിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തില്‍ ഒപ്പം പിടിക്കുകയായിരുന്നു. മത്സരത്തിന്റെ 82ാം മിനിട്ടില്‍ റാസ്മസ് ഹോജ്‌ലണ്ടിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയഗോള്‍ നേടുകയായിരുന്നു.
ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 19 മത്സരങ്ങളില്‍ നിന്നും പത്ത് വിജയവും ഒരു സമനിലയും എട്ട് തോല്‍വിയും അടക്കം 31 പോയിന്റുമായി ആറാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്.
ഡിസംബര്‍ 30ന് നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടുത്ത മത്സരം. നോട്ടിങ്ഹാമിന്റെ ഹോം ഗ്രൗണ്ട് സിറ്റി ഗ്രൗണ്ടാണ് വേദി.
Content Highlight: Manchester United beat Aston Villa in English premiere League.