| Thursday, 14th December 2023, 2:04 pm

ഇത് ചരിത്രത്തിലാദ്യം; ചാമ്പ്യന്‍സ് ലീഗില്‍ നാണക്കേടിന്റെ റെക്കോഡുമായി ഇംഗ്ലീഷ് ക്ലബ്ബുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബായ എ.സി മിലാന്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. തോല്‍വിയോടെ ന്യൂകാസില്‍ യുണൈറ്റഡ് ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് പോയിന്റുമായി അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്താവുകയും ചെയ്തു.

അതേസമയം ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു കൊണ്ട് നാല് പോയിന്റുമായി അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും യു.സി.എല്ലില്‍ നിന്നും പുറത്താവുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് നാണക്കേടിന്റെ റെക്കോഡാണ് ഈ രണ്ട് ഇംഗ്ലീഷ് ക്ലബ്ബുകളെയും തേടിയെത്തിയത്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ട് ക്ലബ്ബുകള്‍ ഒരു യു.സി.എല്‍ സീസണില്‍ ഗ്രൂപ്പ് സ്റ്റേജില്‍ അവസാനമായി ഫിനിഷ് ചെയ്യുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആറ് മത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രമാണ് ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ സ്വന്തമാക്കാന്‍ സാധിച്ചത്. അതേസമയം ഒരു സമനിലയും നാല് തോല്‍വിയും ആണ് റെഡ് ഡെവിള്‍സ് നേരിട്ടത്. ഈ മോശം പ്രകടനങ്ങളാണ് ടെന്‍ ഹാഗിനേയും കൂട്ടരെയും അവസാനസ്ഥാനക്കാരായി മാറ്റിയത്.

അതേസമയം ന്യൂകാസില്‍ യുണൈറ്റഡ് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനെ നാല് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു അവരുടെ ചാമ്പ്യന്‍സ് ലീഗിലെ പടയോട്ടം ആരംഭിച്ചത്.

എന്നാല്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരായ രണ്ട് തോല്‍വികള്‍ അവരെ പോയിന്റ് പട്ടികയില്‍ പിന്നോട്ട് വലിക്കുകയായിരുന്നു. അവസാന മത്സരത്തില്‍ എ.സി മിലാനോട് പരാജയപ്പെടുകയും ചെയ്തതോടെ ന്യൂകാസിലിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും ചാമ്പ്യന്‍സ് ലീഗിന്റെ അടുത്ത റൗണ്ടിലേക്ക് മുന്നേറി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ 16ന് ഫുള്‍ ഹാമിനെതിരെയാണ് ന്യൂകാസിലിന്റെ അടുത്ത മത്സരം. ഡിസംബര്‍ 17ന് റെഡ് ഡെവിള്‍സ് ലിവര്‍പൂളിനെയും നേരിടും.

Content Highlight: Manchester United and Newcastle united create a bad record in Champions league.

We use cookies to give you the best possible experience. Learn more