കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ റോണാള്‍ഡൊ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് മാറുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊയാണ് ഇത് റിപ്പോര്‍ട്ട് ചെയതത്.
അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ സാധിക്കാത്ത മാഞ്ചസ്റ്ററില്‍ തുടരാന്‍ താരത്തിന്
താല്‍പര്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. എന്നാല്‍ പുതിയ കോച്ചിന്റെ കീഴില്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയായിരുന്നു മാഞ്ചസ്റ്റര്‍. എന്നാല്‍ റോണോയുടെ മടക്കമോടെ യുണൈറ്റഡിന് വീണ്ടും ഒന്നില്‍ നിന്നും തുടങ്ങണം.
എന്നാല്‍ താരം ക്ലബ്ബ് വിടുമെന്ന വാര്‍ത്ത പുറത്തുവന്നതിന് ശേഷം യുവന്റസിന്റെ അര്‍ജന്റൈന്‍ സ്‌ട്രൈക്കറായ ഡിബാലയുമായി യുണൈറ്റഡ് കരാര്‍ ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാ റിപബ്ലിക്കയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കൃത്യമായി ഇടപെടല്‍ നടത്താത്തതും റൊണാള്‍ഡോയെ ക്ലബ് വിടാന്‍ പ്രേരിപ്പിക്കുന്ന ഘടകമായി കരുതുന്നു. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഇതുവരെയും മികച്ച സൈനിങ്ങുകള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ലാത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങളെ വരെ ആകര്‍ഷിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ഇത് അടുത്ത സീസണില്‍ കിരീടങ്ങള്‍ നേടാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് റൊണാള്‍ഡോ വിശ്വസിക്കുന്നു.
റൊണാള്‍ഡോയെ വിട്ടുകൊടുക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് താല്‍പര്യമില്ലെങ്കിലും താരത്തിന്റെ ആഗ്രഹത്തിനു വിരുദ്ധമായി അവര്‍ നീങ്ങാനുള്ള സാധ്യതയില്ല. അതുകൊണ്ടു തന്നെ യോജിച്ച ഓഫര്‍ ലഭിച്ചാല്‍ റൊണാള്‍ഡോയെ കൈവിടാന്‍ അവര്‍ തയ്യാറെടുത്തു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് അവര്‍ ഡിബാലക്കായി നീക്കങ്ങള്‍ ആരംഭിച്ചതെന്ന് ലാ റിപ്പബ്ലിക്ക റിപ്പോര്‍ട്ടു ചെയ്യുന്നു.
യുവന്റസ് കരാര്‍ പുതുക്കാതെ ഫ്രീ ഏജന്റായ ഡിബാലയെ സ്വന്തമാക്കുക എന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വലിയ വെല്ലുവിളി ഉയര്‍ത്താനുള്ള സാധ്യതയുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്റര്‍ മിലാന്‍, ടോട്ടന്‍ഹാം ഹോസ്പര്‍, നാപ്പോളി എന്നിങ്ങനെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയ ക്ലബുകള്‍ താരത്തിനു വേണ്ടി രംഗത്തുള്ളതിനാല്‍ യൂറോപ്പ ലീഗ് കളിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഡിബാല തെരഞ്ഞെടുക്കാനുള്ള സാധ്യത കുറവാണ്.
Content Highlights: Manchester to sign Dybala instead of Ronaldo