| Monday, 28th August 2023, 8:10 am

എല്ലാവരും ഹാഫ് സെഞ്ച്വറി നേടിയിട്ടും തോല്‍വി... ചരിത്രത്തിലാദ്യമെന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ദി ഹണ്‍ഡ്രഡ് ഫോര്‍മാറ്റിന്റെ ചരിത്രത്തിലാദ്യമായി ബാറ്റ് ചെയ്ത എല്ലാവരും അര്‍ധ സെഞ്ച്വറിക്ക് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും തോല്‍ക്കേണ്ടി വന്ന ആദ്യ ടീമായി സതേണ്‍ ബ്രേവ്. ദി ഹണ്‍ഡ്രഡിന്റെ എലിമിനേറ്ററില്‍ നടന്ന സതേണ്‍ ബ്രേവ് – മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് മത്സരത്തിലാണ് ഈ അപൂര്‍വ റെക്കോഡ് പിറന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സതേണ്‍ ബ്രേവ് നിശ്ചിത പന്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടിയിരുന്നു. ടോപ് ഓര്‍ഡര്‍ ആഞ്ഞടിച്ചതോടെയാണ് ടീം സ്‌കോര്‍ പറപറന്നത്.

ഓപ്പണര്‍ ഫിന്‍ അലന്‍ 38 പന്തില്‍ 69 റണ്‍സ് നേടിരുന്നു. അഞ്ച് സിക്‌സറും ആറ് ബൗണ്ടറിയുമടക്കമായിരുന്നു താരം റണ്ണടിച്ചുകൂട്ടിയത്. 181.58 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

ഫിന്‍ അലനൊപ്പം ആദ്യ വിക്കറ്റില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഡെവോണ്‍ കോണ്‍വേ 38 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 134.21 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 51 റണ്‍സ് നേടി.

ടീം സ്‌കോര്‍ 121ല്‍ നില്‍ക്കവെയാണ് ബ്രേവിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. പോള്‍ വാള്‍ട്ടറിന്റെ പന്തില്‍ ജോസ് ബട്‌ലറിന് ക്യാച്ച് നല്‍കി ഫിന്‍ അലനാണ് പുറത്തായത്. പിന്നാലെ മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ ജെയിംസ് വിന്‍സാണ് ക്രീസിലെത്തിയത്.

25 പന്തില്‍ നാല് സിക്‌സറിന്റെയും മൂന്ന് ബൗണ്ടറിയുടെയും അകമ്പടിയോടെ 56 റണ്‍സാണ് താരം നേടിയത്. 224.00 എന്ന തകര്‍പ്പന്‍ പ്രഹരശേഷിയാണ് താരത്തിനുണ്ടായിരുന്നത്.

മൂവരുടെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ബ്രേവ് നിശ്ചിത പന്തില്‍ 169 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെ വെടിക്കെട്ടില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. 46 പന്തില്‍ നാല് സിക്‌സറും ആറ് ബൗണ്ടറിയുമടക്കം 82 റണ്‍സാണ് നേടിയത്. 178.26 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

ഇവര്‍ക്ക് പുറമെ 14 പന്തില്‍ നിന്നും നാല് സിക്‌സറും അഞ്ച് ബൗണ്ടറിയുമായി 47 റണ്‍സ് നേടിയ ഫില്‍ സോള്‍ട്ടിന്റെയും 17 പന്തില്‍ മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 31 റണ്‍സ് നേടിയ മാക്‌സ് ഹോള്‍ഡന്റെയിം ഇന്നിങ്‌സുകള്‍ ഒറിജിനല്‍സ് നിരയില്‍ നിര്‍ണായകമായി.

ലോറി എവന്‍സ് 13 പന്തില്‍ 22 റണ്‍സും ജെയ്മി ഓവര്‍ട്ടണ്‍ മൂന്ന് പന്തില്‍ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 12 റണ്‍സ് എക്‌സ്ട്രാ ഇനത്തിലും മാഞ്ചസ്റ്ററിന്റെ എക്കൗണ്ടിലെത്തി.

ഒടുവില്‍ ഏഴ് വിക്കറ്റും നാല് പന്തും ബാക്കി നില്‍ക്കെ ഒറിജിനല്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു.

എലിമിനേറ്ററില്‍ ബ്രേവിനോട് വിജയിച്ചെങ്കിലും കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ ഒറിജിനല്‍സ് പരാജയപ്പെട്ടിരുന്നു. 14 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഓവല്‍ ഇന്‍വിന്‍സിബിളാണ് കപ്പുയര്‍ത്തിയത്.

Content Highlight: Manchester Originals defeated Southern Brace in The Hundred’s eliminator

We use cookies to give you the best possible experience. Learn more