| Wednesday, 4th January 2023, 8:52 am

'ഭൂതകാലത്തെ കുറിച്ചല്ല, നമുക്ക് ഭാവിയെ കുറിച്ച് സംസാരിക്കാം'; റൊണാള്‍ഡോയുടെ വിഷയത്തില്‍ യുണൈറ്റഡ് കോച്ചിന്റെ പ്രതികരണം

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ദീര്‍ഘനാളത്തെ അസ്വാരസ്യങ്ങള്‍ക്ക് ശേഷമാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടത്. തുടര്‍ന്ന് ഫ്രീ ഏജന്റായ റൊണാള്‍ഡോ കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്.

യൂറോപ്പ് വിട്ട് ആദ്യമായി ഏഷ്യന്‍ ലീഗില്‍ കളിക്കാന്‍ പോയ റൊണാള്‍ഡോയെ കുറിച്ച് തന്റെ ആദ്യ പ്രതികരണമറിയിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ കോച്ച് എറിക് ടെന്‍ ഹാഗ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം വോള്‍വ്‌സിനെതിരെ ജയം നേടിയതിനെ പിന്നാലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുണൈറ്റഡിന്റെ മുന്‍ താരം അല്‍ നസറുമായി സൈനിങ് നടത്തിയതില്‍ ടെന്‍ ഹാഗിന്റെ പ്രതികരണം ചോദിച്ചപ്പോഴാണ് അദ്ദേഹം സംസാരിച്ചത്.

താന്‍ ഭൂതകാലത്തെ കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭാവിയെക്കുറിച്ച് സംസാരിക്കാമെന്നുമായിരുന്നു ടെന്‍ഹാഗിന്റെ മറുപടി. വോള്‍വ്‌സിനെതിരെ മികച്ച പ്രകടനമാണ് തങ്ങള്‍ നടത്തിയതെന്നും നമുക്ക് അതിനെ കുറിച്ച് സംസാരിക്കാമെന്നുമായിരുന്നു ടെന്‍ ഹാഗിന്റെ മറുപടി.

‘എനിക്ക് കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ല. നമുക്ക് ഭാവികാര്യങ്ങളെ കുറിച്ച് സംസാരിക്കാം. ഞങ്ങള്‍ ഇന്ന് നല്ലൊരു സ്റ്റെപ് മുന്നോട്ടുവെച്ചിരിക്കുകയാണ്. ആദ്യമായിട്ടാണ് ഞങ്ങള്‍ ടോപ് ഫോറില്‍ എത്തുന്നത്.

അതുകൊണ്ട് ഒന്നുമായില്ലെന്ന് അറിയാം. ഇനിയുമൊരുപാട് കടമ്പകള്‍ കടക്കാനുണ്ട്. ജയിക്കാന്‍ വേണ്ടി ഞങ്ങള്‍ക്കിനിയുമൊരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്,’ ടെന്‍ ഹാഗ് പറഞ്ഞു.

ഖത്തര്‍ ലോകകപ്പിന് തൊട്ടുമുമ്പാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന് ശേഷമാണ് യുണൈറ്റഡില്‍ നിന്ന് താരത്തിന്റെ പടിയിറക്കം.

അഭിമുഖത്തിനിടെ കോച്ച് എറിക് ടെന്‍ ഹാഗും മറ്റ് പല ഒഫീഷ്യല്‍സും തന്നെ പുറത്താക്കാന്‍ കരുനീക്കം നടത്തുന്നുണ്ടെന്ന് റൊണാള്‍ഡോ തുറന്നടിച്ചു. ക്ലബ്ബില്‍ താന്‍ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും അദ്ദേഹം അഭിമുഖത്തിനിടെ ആരോപിച്ചിരുന്നു.

2021ലായിരുന്നു താരം മാഞ്ചസ്റ്ററിലേക്ക് തിരികെയെത്തിയത്. സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ ശിക്ഷണത്തില്‍ ലോകോത്തര ഫുട്‌ബോളര്‍ പദവിയിലേക്കുയര്‍ന്ന ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് തന്റെ കരിയറില്‍ മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളായിരുന്നു സെക്കന്റ് റണ്ണില്‍ യുണൈറ്റഡ് നല്‍കിയത്.

പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെതിരെയുള്ള മത്സരത്തില്‍ കളി തീരുന്നതിന് മുമ്പ് ഗ്രൗണ്ട് വിട്ടതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളും റൊണാള്‍ഡോക്ക് നേരിടേണ്ടി വന്നിരുന്നു. ശേഷം ചെല്‍സിക്കെതിരായ മത്സരത്തില്‍ താരത്തെ ടീം വിലക്കുകയും പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യൂറോപ്പാ ലീഗില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ച് താരതമ്യേന മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്, എങ്കിലും പ്രീമിയര്‍ ലീഗില്‍ താരം ബെഞ്ചില്‍ തുടര്‍ന്നു. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്കെതിരായ മത്സരത്തില്‍ താരം ടീമിനെ നയിച്ചെങ്കിലും 3-1ന് പരാജയപ്പെടുകയായിരുന്നു.

അതേസമയം, യൂറോപ്പില്‍ സകലതും നേടിക്കഴിഞ്ഞ ശേഷമാണ് റൊണാള്‍ഡോ ഏഷ്യന്‍ ഫുട്ബോളിലേക്ക് കാലെടുത്ത് വെക്കുന്നത്. താരത്തിന്റെ വരവ് അല്‍ നസറിന് മാത്രമല്ല, ഏഷ്യന്‍ ഫുട്ബോളിന് തന്നെ നല്‍കുന്ന ഡ്രൈവിങ് ഫോഴ്സ് വളരെ വലുതായിരിക്കും.

Content Highlights:  Manchester coach Eric Ten Hag about Cristiano Ronaldo’s signing with Al Nassr

We use cookies to give you the best possible experience. Learn more