2023 ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ഫുമിനെന്‍സിനെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റി കിരീടം ഉയര്‍ത്തിയത്. ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് സ്വന്തമാക്കുന്ന നാലാമത്തെ ഇംഗ്ലീഷ് ക്ലബ്ബാണ് മാഞ്ചസ്റ്റര്‍ സിറ്റി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലിവര്‍പൂളിനും ചെല്‍സിക്കും ശേഷം കിരീടം ഉയര്‍ത്തുന്ന ഇംഗ്ലീഷ് ടീമാണ് സിറ്റി.
ഈ കിരീടനേട്ടത്തിന് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയും പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയും തകര്‍പ്പന്‍ നേട്ടങ്ങളാണ് സ്വന്തമാക്കിയത്.
ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മൂന്ന് ടീമുകള്‍ക്ക് വേണ്ടി സ്വന്തമാക്കുന്ന ആദ്യ മാനേജര്‍ എന്ന നേട്ടം ഗ്വാര്‍ഡിയോള സ്വന്തം പേരിലാക്കി മാറ്റി. ഇതിനുമുമ്പ് ബാഴ്‌സലോണയോടൊപ്പം രണ്ട് തവണയും ബയേണ്‍ മ്യൂണിക്കിനൊപ്പം ഒരു തവണയും പെപ് ക്ലബ്ബ് വേള്‍ഡ് കപ്പ് സ്വന്തമാക്കിയിരുന്നു.
കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനന്‍ സൂപ്പര്‍താരം ജൂലിയന്‍ അല്‍വാരസാണ് ആദ്യ ഗോള്‍ നേടിയത്. മത്സരം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ താരം ഗോള്‍ നേടുകയായിരുന്നു.
27ാം മിനിട്ടില്‍ ഫ്‌ലമിനെന്‍സ് താരം നിനോയുടെ ഓണ്‍ ഗോളിലൂടെ സിറ്റി വീണ്ടും മത്സരത്തില്‍ ഒപ്പം എത്തി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ 72ാം മിനിട്ടില്‍ ഇംഗ്ലണ്ട് താരം ഫോഡന്‍ സിറ്റിക്കായി മൂന്നാം ഗോള്‍ നേടി. മത്സരത്തിന്റെ 88ാം മിനിട്ടില്‍ അല്‍വാരസ് സിറ്റിയുടെ നാലാം ഗോളും മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കുകയായിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ഡിസംബര്‍ 28ന് എവര്‍ട്ടണിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.
Content Highlight: Manchester city Won the Fifa Club World cup.