ഹാലണ്ടിന് ഡബിള്‍, ഒപ്പം ദ്രോഗ്ബ സ്‌റ്റൈല്‍ സെലിബ്രേഷനും; സിറ്റിക്ക് തകര്‍പ്പന്‍ ജയം
ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ജിയില്‍ യങ് ബോയ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു.
മത്സരത്തില്‍ ഇരട്ടഗോള്‍ നേടി മിന്നും പ്രകടനമാണ് സൂപ്പര്‍ താരം ഏര്‍ലിങ് ഹാലണ്ട് നടത്തിയത്. മത്സരത്തില്‍ ഗോള്‍ നേടിയതിന് ശേഷമുള്ള രസകരമായ സെലിബ്രേഷന്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഐവറികോസ്റ്റ് താരവും ചെല്‍സി ഇതിഹാസവുമായ ദിദിയര്‍ ദ്രോഗ്ബയുടെ സെലിബ്രേഷന്‍ ആയിരുന്നു ഹാലണ്ട് അനുകരിച്ചത്.
ഈ സീസണിലെ ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ ഗെര്‍ഡ് മുള്ളര്‍ ട്രോഫി വാങ്ങുന്നതിനിടയിലാണ് അടുത്ത ഗോള്‍ നേടുമ്പോള്‍ ഗാരി ലിനേക്കറുടെയോ തന്റെയോ ഗോള്‍ സെലിബ്രേഷന്‍ അനുകരിക്കാന്‍ ദ്രോഗ്ബ ഹാലണ്ടിനോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയായിരുന്നു ഹാലണ്ടിന്റെ സെലിബ്രേഷന്‍.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ ബേണ്‍മൗത്തിനെതിരെ സിറ്റി 6-1ന് വിജയിച്ചപ്പോള്‍ കാലിന് ബുദ്ധിമുട്ട് നേരിട്ട ഹാലണ്ടിനെ ആദ്യ പകുതിയില്‍ തന്നെ കോച്ച് പെപ് ഗാര്‍ഡിയോള പിന്‍വലിക്കുകയായിരുന്നു. യങ് ബോയ്‌സിനെതിരായ മത്സരത്തില്‍ താരം ഇറങ്ങുമോ എന്നതില്‍ സംശയം നിലനിന്നിരുന്നു. എന്നാല്‍ ഗാര്‍ഡിയോള സൂപ്പര്‍ താരത്തെ ആദ്യ ഇലവനില്‍ വീണ്ടും തിരികെ എത്തിക്കുകയായിരുന്നു ഈ അവസരം കൃത്യമായി മുതലെടുക്കാനും ഹാലണ്ടിന് സാധിച്ചു.
സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 23, 52 മിനിട്ടിലുകളിലായിരുന്നു ഹാലണ്ടിന്റെ ഗോളുകള്‍. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ 34 മത്സരങ്ങളില്‍ നിന്നും 39 ഗോളുകള്‍ സ്വന്തം പേരിലാക്കാനും ഹാലണ്ടിന് സാധിച്ചു. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ ഇംഗ്ലണ്ട് യുവതാരം ഫിലിപ് ഫോഡന്റെ വകയായിരുന്നു മൂന്നാം ഗോള്‍.
സിറ്റിയുടെ വലകുലുക്കാന്‍ യങ് ബോയ്‌സ് മികച്ച നീക്കങ്ങള്‍ ആസൂത്രണം ചെയ്‌തെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ സിറ്റി സ്വന്തം ആരാധകരുടെ മുന്നില്‍ 3-0ത്തിന്റെ മിന്നും ജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ ഗ്രൂപ്പ് ജിയില്‍ നാല് മത്സരങ്ങളും വിജയിച്ചു ഒന്നാം സ്ഥാനത്താണ് പെപും കൂട്ടരും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നവംബര്‍ 12ന് ചെല്‍സിക്കെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.
Content Highlight: Manchester city won in UCL and Erling Haaland scored two goals.