| Wednesday, 20th September 2023, 12:29 pm

പെപ്പിന്റെ രാജതന്ത്രവും മെസിയുടെ പിന്ഗാമിയുടെ കളമറിഞ്ഞ കളിയും; ചാമ്പ്യന്‍മാര്‍ തുടങ്ങി

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയത്തുടക്കം. ഗ്രൂപ്പ്‌ ജി- യിലെ മത്സരത്തിൽ സെർബിയൻ ക്ലബ്ബ് എഫ്. കെ സേവർനാ വെസ്ദയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി തകർത്തുവിട്ടത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദിൽ വെച്ച് നടന്ന മത്സരത്തിൽ സന്ദർശകരാണ് ആദ്യത്തെ ഗോൾ നേടിയത്. ആദ്യപകുതിയിൽ സിറ്റിയുടെ ഭാഗത്ത്‌ നിന്നും മികച്ച മുന്നേറ്റങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

മത്സരത്തിന്റെ 45ാം മിനിട്ടിൽ ഉസ്മാൻ ബുകാരിയിലൂടെ ആണ് സേവർനാ വെസ്ദ മുന്നിലെത്തിയത്. സിറ്റി ഡിഫെൻസിനെ കീറിമുറിച്ച് ഓഫ്‌ സൈഡ് പൊളിച്ചുകൊണ്ടായിരുന്നു താരത്തിന്റെ ഗോൾ.

രണ്ടാം പകുതി തുടങ്ങി നിമിഷങ്ങൾക്കകം സിറ്റി മറുപടി നൽകി. 47ാം മിനിട്ടിൽ എർലിങ് ഹാലണ്ടിന്റെ അസിസ്റ്റിൽ അർജന്റീന താരം ജൂലിയൻ അൽവാരസ് ഗോൾ നേടുകയായിരുന്നു.

52ാം മിനിട്ടിൽ സിറ്റി നായകൻ കെയ്‌ലർ വാക്കർ ഗോൾ നേടിയെങ്കിലും ഓഫ്‌ സൈഡിൽ കുടുങ്ങുകയായിരുന്നു.

മത്സരത്തിന്റെ 60ാം മിനിട്ടിൽ വലതുകോർണറിൽ നിന്നും ലഭിച്ച ഫ്രീകിക്ക് കൃത്യമായി വലയിലെത്തിച്ച് അൽവാരസ് വീണ്ടും സിറ്റിയെ മുന്നിലെത്തിച്ചു.

മത്സരത്തിന്റെ 73ാം മിനിട്ടിൽ റോഡ്രിയുടെ വകയായിരുന്നു സിറ്റിയുടെ മൂന്നാം ഗോൾ. പെനാൽട്ടി ബോക്സിന് പുറത്തുനിന്നും താരം പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ വിജയം ആതിഥേയർക്കൊപ്പം നിന്നു.

ഗ്രൂപ്പ്‌ ജി- യിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.

ചാമ്പ്യൻസ് ലീഗിൽ ഒക്ടോബർ 5 ന് ബുണ്ടസ് ലീഗ ക്ലബ്ബ് ആർ. ബി ലെപ്സിഗിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.

Content Highlight: Manchester City won 3-0 the opening match of the Champions League 2023

We use cookies to give you the best possible experience. Learn more