ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാനും തമ്മിലാണ് ഫൈനല്‍ പോരാട്ടം. മിലാന്‍ നാലാം കിരീടം സ്വപ്‌നം കണ്ടിറങ്ങുമ്പോള്‍ സിറ്റി തങ്ങളുടെ കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായാണ് കൊമ്പുകോര്‍ക്കുക.
ഇരുടീമിന്റെയും ആരാധകര്‍ വലിയ പ്രതീക്ഷയോടെ ഫൈനലിലേക്ക് ഉറ്റുനോക്കുമ്പോള്‍ ഇത്തവണ ആര് ചാമ്പ്യന്മാരാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ അര്‍ജന്റൈന്‍ താരം കാര്‍ലോസ് ടെവസ്. ഇന്റര്‍ മിലാന് പെപ് ഗ്വാര്‍ഡിയോളയുടെ ടീമിനെ മറികടക്കാനാകുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാകുമെന്നും ടെവസ് പറഞ്ഞു.
‘മാഞ്ചസ്റ്റര്‍ സിറ്റിയാണ് ചാമ്പ്യന്‍സ് ലീഗ് നേടുമെന്നുറപ്പുള്ള മത്സരാര്‍ത്ഥികള്‍,’ ടെവസ് ഇ.എസ്.പി.എന്നിനോട് പറഞ്ഞു.
അതേസമയം, പ്രീമിയര്‍ ലീഗും എഫ്.എ കപ്പും നേടിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍ ലീഗ് കിരീടം കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഈ സീസണില്‍ ട്രെബിള്‍ കൊയ്യാം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ ഏക ഇംഗ്ലീഷ് ടീം. തുടര്‍ച്ചയായി പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടിയ മാന്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ഗോളടി യന്ത്രമെന്നറിയപ്പെടുന്ന എര്‍ലിങ് ഹാലണ്ടും കിട്ടുന്ന അവസരങ്ങളെല്ലാം ഗോളാക്കി മാറ്റാറുള്ള ജൂലിയന്‍ അല്‍വാരസും മികച്ച പ്രകടനം കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന ഡി ബ്രുയിനും ഗോണ്ടോകനുമാണ് സിറ്റിയുടെ പ്രതീക്ഷാ താരങ്ങള്‍. മറുവശത്ത് ലൗട്ടാരോ മാര്‍ട്ടിനെസ്, റൊമേലു ലുക്കാക്കു, ഹെന്റിച്ച് മഖിറ്റെറിയന്‍, മിലന്‍ സ്‌ക്രീനിയര്‍ തുടങ്ങിയ താരങ്ങള്‍ ഇന്റര്‍ മിലാന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
തുര്‍ക്കിയിലെ ഇസ്താന്‍ബൂളില്‍ അറ്റാത്തുര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.
Content Highlights: Manchester city wins UCL, predicts Carlos Tevez