പോര്‍ട്ടോ: ഈ വര്‍ഷത്തെ യു.സി.എല്‍ ചാംപ്യന്‍മാരെ ഇന്നറിയാം. ഒരു ‘ഇംഗ്ലീഷ് ഫൈനലാണ്’ ഇന്ന് പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ നടക്കുന്നത്. പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയും തോമസ് ടുച്ചെലിന്റെ ചെല്‍സിയുമാണ് ഇത്തവണത്തെ യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടത്തിനായി മത്സരിക്കുന്നത്.
പോര്‍ട്ടോയിലെ എസ്റ്റാഡിയോ ഡോ ഡ്രഗാവോയില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കിക്കോഫ്. കൊവിഡ് വ്യാപനം മൂലമാണ് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കേണ്ടിയിരുന്ന മത്സരം പോര്‍ച്ചുഗലിലെ പോര്‍ട്ടോയിലേക്ക് മാറ്റുകയായിരുന്നു. സോണി ചാനലുകളില്‍ ഇന്ത്യയില്‍ തല്‍സമയം കാണാം.
ചരിത്രത്തിലെ ആദ്യ യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടമാണു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലക്ഷ്യം. ചെല്‍സി രണ്ടാം കിരീടമാണു നോട്ടമിടുന്നത്. 2012ല്‍ ബയണ്‍ മ്യൂണിക്കിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ചെല്‍സി ജേതാക്കളായിരുന്നു.
നിലവിലെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ സിറ്റിക്കാണു മുന്‍തൂക്കം. ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് കിരീടത്തോടൊപ്പം ഗ്വാര്‍ഡിയോളയുടെ സംഘം ചാംപ്യന്‍സ് ലീഗും നേടുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ സിറ്റിയെ 2 തവണ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കോച്ച് തോമസ് ടൂഹലിന്റെ കീഴിലുള്ള ചെല്‍സി.
കഴിഞ്ഞ സീസണിലും ഇംഗ്ലണ്ടിലേക്ക് തന്നെയാണ് യു.സി.എല്‍ കിരീടം പോയത്. ഫൈനലില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയെ തോല്‍പ്പിച്ച് ഇംഗ്ലിഷ് ക്ലബ്ബായ ലിവര്‍പൂളാണ് കിരീടം നേടിയത്.