കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് അർജന്റൈൻ സൂപ്പർ താരം ജൂലിയൻ അൽവാരെസ് റിവർപ്ലേറ്റിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയത്. ടീമിൽ ഏർലിങ് ഹാലൻണ്ട് എന്ന ശക്തനായ പോരാളി ഉള്ളതിനാൽ പകരക്കാരനായിട്ടാണ് അൽവാരെസ് പലപ്പോഴും കളത്തിൽ ഇറങ്ങാറുള്ളത്.
താരത്തിന്റെ പ്രകടനത്തിൽ നേരത്തെ തന്നെ വിശ്വാസമർപ്പിച്ചിരുന്ന പരിശീലകൻ പെപ് ഗ്വാർഡിയോളയെ പോലും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമായിരുന്നു അൽവാരെസ് ഖത്തറിൽ കാഴ്ചവെച്ചത്.
അർജന്റീനയിൽ നിന്നുമുള്ള അൽവാരസിന്റെ പ്രവേശം മികച്ച രീതിയിൽ ഫലം കണ്ടതോടെ മറ്റൊരു അർജന്റീന താരത്തെ കൂടി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് മാഞ്ചസ്റ്റർ സിറ്റി.
നിലവിൽ അർജന്റീനിയൻ ക്ലബായ വെലെസ് സാർസ്‌ഫീൽഡിന് വേണ്ടി ബൂട്ടുകെട്ടുന്ന താരമായ മാക്‌സിമ പെറോണിനെയാണ് സിറ്റി തട്ടകത്തിലെത്തിക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ താരത്തിന്റെ സൈനിങ് പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. 19കാരനായ താരത്തിന് ഏഴ് മില്യൺ പൗണ്ട് ആണ് സിറ്റി വിലയിട്ടിരിക്കുന്നത്.
പെറോണിനെ കുറിച്ച് ഗ്വാർഡിയോളയും അർജന്റീന അണ്ടർ 20 ടീമിന്റെ പരിശീലകനായ ഹാവിയർ മഷരാനോയും തമ്മിൽ ചർച്ച നടത്തിയിരുന്നെന്ന് പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ മാർച്ചിൽ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ച പെറോൺ അണ്ടർ 20 ദേശീയ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഈ മാസം നടക്കാനിരിക്കുന്ന സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ അർജന്റീനയെ പ്രതിനിധീകരിച്ച് കളിക്കാൻ ഒരുങ്ങുകയാണ് പെറോൺ. അതിനുശേഷം താരം യൂറോപ്പിലാവും കളി തുടരുകയെന്നും റിപ്പോർട്ടുണ്ട്.
Manchester City will complete Máximo Perrone deal in the next days — as all parties are working to get documents sealed. It’s almost done, as already called in December. 🔵🇦🇷 #MCFC
Understand Pep Guardiola spoke to Argentina U20 coach Mascherano about Perrone and his potential. pic.twitter.com/gciE5lD18S
ഇതിനകം തന്നെ കഴിവ് തെളിയിച്ച പെറോണിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ ന്യൂകാസിൽ യുണൈറ്റഡ്, വോൾവ്‌സ് എന്നിവരും പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയും രംഗത്തുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.