| Wednesday, 31st July 2024, 11:42 am

വമ്പന്മാരുടെ ഇഞ്ചോടിഞ്ച് പോര്; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ബാഴ്സയുടെ പടയോട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി നടന്ന മാഞ്ചസ്റ്റര്‍ സിറ്റിയും ബാഴ്സലോണയും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ ബാഴ്‌സക്ക് വിജയം. നിശ്ചിത സമയത്തില്‍ ഇരുടീമുകളും രണ്ടു വീതംഗോളുകള്‍ നേടുകയായിരുന്നു. ഒടുവില്‍ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ 4-1 എന്ന എന്ന സ്‌കോറിനായിരിന്നു ബാഴ്‌സ വിജയം സ്വന്തമാക്കിയത്.

സ്പാനിഷ് ലീഗിലെയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെയും കരുത്തുറ്റ രണ്ട് ടീമുകള്‍ ഏറ്റുമുട്ടിയപ്പോഴും ആവേശകരമായ പോരാട്ടത്തിനാണ് മൈതാനം സാക്ഷ്യം വഹിച്ചത്. ക്യാമ്പിങ് വേള്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലായിരുന്നു ഇരുടീമുകളും കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ 24ാം മിനിട്ടില്‍ പാവ് വിക്ടറിലൂടെ കറ്റാലന്‍മാരാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ നിക്കോ ഒ റെയ്‌ലിയിലൂടെ സിറ്റി ഗോള്‍ തിരിച്ചടിക്കുകയായിരുന്നു. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ പാബ്ലോ ടോറെയിലൂടെ ബാഴ്‌സ വീണ്ടും മത്സരത്തില്‍ മുന്നിലെത്തുകയായിരുന്നു.

ആദ്യ പകുതി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സ്വന്തമാക്കിയ ആത്മവിശ്വാസവുമായി ഇറങ്ങിയ സ്പാനിഷ് വമ്പന്‍മാര്‍ക്ക് ലീഡ് നിലനിര്‍ത്താനായില്ല. 60ാം മിനിട്ടില്‍ ജാക്ക് ഗ്രീലിഷിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി സമനില പിടിക്കുകയായിരുന്നു.

ഒടുവില്‍ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ സ്പാനിഷ് വമ്പന്മാര്‍ ജയം സ്വന്തമാക്കുകയായിരുന്നു. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, നോഹ് ഡാര്‍വിച്ച്, അലഹാന്ദ്രോ ബാല്‍ദേ, ടോണി ഫെര്‍ണാണ്ടസ് എന്നിവര്‍ ബാഴ്‌സയ്ക്കായി ലക്ഷ്യം കണ്ടു. എന്നാല്‍ സിറ്റിക്കായി കാല്‍വിന്‍ ഫിലിപ്‌സ്, ജേക്കബ് റൈറ്റ് എന്നിവര്‍ പെനാല്‍ട്ടി പാഴാക്കി. അമര്‍ ഫത്താഹിന് മാത്രമാണ് ലക്ഷ്യം കാണാന്‍ സാധിച്ചത്.

മത്സരത്തിന്റെ സര്‍വ്വ മേഖലയിലും മുന്നിട്ടു നിന്നിരുന്നത് പെപ് ഗ്വാര്‍ഡിയോളയും കൂട്ടരുമാണ്. മത്സരത്തില്‍ 57 ശതമാനം ബോള്‍ പൊസഷന്‍ കൈവശം വെച്ച സിറ്റി 16 ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ ആറെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 10 ഷോട്ടുകള്‍ സിറ്റിയുടെ പോസ്റ്റിലേക്ക് ഉന്നം വെച്ച ബാഴ്‌സ മൂന്ന് ഷോട്ടുകളും നേടി.

സൗഹൃദ മത്സരത്തില്‍ ഓഗസ്റ്റ് നാലിന് ചെല്‍സിക്കെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. ഒഹായൊ സ്റ്റേഡിയമാണ് വേദി. അന്നേദിവസം നടക്കുന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡാണ് ബാഴ്‌സയുടെ എതിരാളികള്‍. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Manchester City vs Barcelona Friendly Match Result

We use cookies to give you the best possible experience. Learn more