| Thursday, 6th October 2022, 4:37 pm

എടാ.... അവന്‍ മനുഷ്യനൊന്നുമല്ല, വേറെ എന്തോ ആണ്; ഹാലണ്ടിനെ പറ്റി എതിര്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ തന്നോട് പറഞ്ഞതിനെ കുറിച്ച് സിറ്റി താരം

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ജിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ചിരുന്നു. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു സിറ്റിസണ്‍സ് കോപ്പന്‍ഹേഗനെ തകര്‍ത്തുവിട്ടത്.

എല്ലാ കളിയിലേയും പോലെ ഒരു ബോറടിയുമില്ലാതെ ഹാലണ്ട് എതിരാളികളുടെ വല നിറക്കുക്കയായിരുന്നു. കളത്തിലിറങ്ങിയാല്‍ ഗോളടിക്കാതെ തിരിച്ചു കയറില്ല എന്ന വാശിയുള്ള ഹാലണ്ട് രണ്ട് ഗോളാണ് കോപ്പന്‍ഹേഗന്‍ വലയില്‍ നിറച്ചത്.

മത്സരത്തിനിടെ കോപ്പന്‍ഹേഗന്‍ ഗോള്‍ കീപ്പര്‍ കാമില്‍ ഗ്രാബറ ഹാലണ്ടിനെ കുറിച്ച് തന്നോട് പറഞ്ഞ കാര്യം വെളിപ്പെടുത്തുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി താരം ജാക്ക് ഗ്രെലിഷ്. ഹാലണ്ട് മനുഷ്യനല്ല എന്നായിരുന്നു ഗ്രാബറ തന്നോട് പറഞ്ഞതെന്നായിരുന്നു ഗ്രെലിഷ് വ്യക്തമാക്കുന്നത്.

‘സത്യസന്ധമായി തന്നെ ഞാന്‍ പറയട്ടെ, ഇത് അവിശ്വസനീയമാണ്. എന്റെ ജീവിതത്തില്‍ ഇതുപോലൊന്ന് ഞാന്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ല. ആദ്യ രണ്ട് ഗോളും വീണപ്പോള്‍ ഞാന്‍ ചിരിക്കുകയായിരുന്നു. അവനെപ്പോഴും അവിടെ തന്നെയുണ്ട്.

ഞാന്‍ തിരികെ നടക്കുമ്പോള്‍ കീപ്പര്‍ എന്നോട് എന്തോ പറഞ്ഞു. ‘അവന്‍ മനുഷ്യനല്ല’ (He’s not human) എന്നായിരുന്നു അയാള്‍ പറഞ്ഞത്. നിങ്ങള്‍ ഇത് എന്നോട് തന്നെയാണോ പറയുന്നത് എന്ന് ഞാന്‍ ചോദിച്ചുപോയി.

അവന് ഈ ഫോം നിലനിര്‍ത്താന്‍ സാധിക്കുമെന്നും ഞങ്ങളെ ഉയരങ്ങളിലേക്കെത്തിക്കാന്‍ സാധിക്കുമെന്നുമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ ഗ്രെലിഷ് പറഞ്ഞു.

കോപ്പന്‍ഹേഗനെതിരായ മത്സരത്തില്‍ ഹാലണ്ട് തന്നെയായിരുന്നു ഗോളടിക്ക് തിരികൊളുത്തിയത്. കളി തുടങ്ങി ഏഴാം മിനിട്ടില്‍ തന്നെ ഹാലണ്ട് കോപ്പന്‍ഹേഗന്‍ വലകുലുക്കി. 32ാം മിനിട്ടില്‍ ഹാലണ്ട് ഒരിക്കല്‍ക്കൂടി എതിരാളികളെ ഞെട്ടിച്ചു.

39ാം മിനിട്ടില്‍ ഡെവിറ്റ് ഖച്ചലോവ സെല്‍ഫ് ഗോളടിച്ചതോടെ സിറ്റിയുടെ ലീഡ് മൂന്നായി ഉയര്‍ന്നു. 55ാം മിനിട്ടില്‍ മഹ്‌റെസ് പെനാല്‍ട്ടിയിലൂടെ ലീഡ് വീണ്ടും ഉയര്‍ത്തി.

മത്സരത്തിന്റെ 76ാം മിനിട്ടില്‍ ജൂലിയന്‍ അല്‍വാരസും സ്‌കോര്‍ ചെയ്തപ്പോള്‍ കോപ്പന്‍ഹേഗന്റെ പതനം പൂര്‍ത്തിയായി.

കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നും ജയിച്ച് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് സിറ്റി. രണ്ട് ജയവും ഒരു തോല്‍വിയുമായി ബൊറൂസിയ ഡോര്‍ട്മുണ്ട് രണ്ടാമതാണ്.

ഒരു സമനിലയും രണ്ട് വീതം തോല്‍വിയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകളായ സെവിയ്യക്കും കോപ്പന്‍ഹേഗനുമുള്ളത്.

ഒക്ടോബര്‍ 11നാണ് ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയുടെ അടുത്ത മത്സരം. കോപ്പന്‍ഹേഗനുമായി അവരുടെ തട്ടകമായ പാര്‍കെന്‍ സ്റ്റേഡിയത്തിലാണ് സിറ്റിസണ്‍സ് കളിക്കാനിറങ്ങുക.

Content Highlight: Manchester City star Jack Grealish says Copenhagen goalkeeper told him that Erling Haaland was not human

We use cookies to give you the best possible experience. Learn more