| Wednesday, 17th August 2022, 6:55 pm

എംബാപെയുമായി അടി നടക്കുന്നതിനിടെ നെയ്മറിനെ പി.എസ്.ജിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്; നടക്കാതിരുന്നത് ഈ കാരണം കൊണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ ക്ലബ്ബ് പി.എസ്.ജി ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരത്തെ ടീമിലെത്തിക്കുന്നതിന് ഇരു ക്ലബ്ബുകളും ഒരു സ്വാപ് ഡീലിന് ശ്രമിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോര്‍ച്ചുഗല്‍ താരം ബെര്‍ണാഡോ സില്‍വയെ ഫ്രാന്‍സിലെത്തിക്കാനായിരുന്നു പി.എസ്.ജി നെയ്മറിനെ സിറ്റിക്ക് കൊടുക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ സിറ്റിയുടെ കോച്ചായ പെപ് ഗ്വാര്‍ഡിയോളയ്ക്ക് ഈ കൈമാറ്റത്തില്‍ താത്പര്യമില്ലാത്തതിനാല്‍ മാത്രമാണ് നെയ്മറിപ്പോള്‍ പി.എസ്.ജിയില്‍ കളിക്കുന്നത്.

ലേ പേര്‍ഷ്യനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

2017ലായിരുന്നു കറ്റാലന്‍ പടയുടെ മുന്നേറ്റനായകന്‍ ബാഴ്‌സ വിട്ട് പി.എസ്.ജിയിലേക്ക് ചേക്കേറുന്നത്. 222 മില്യണ്‍ യൂറോയ്ക്കായിരുന്നു താരം ഫ്രാന്‍സിലെത്തിയത്.

2022-23 സീസണിന്റെ തുടക്കം തന്നെ മികച്ചതാക്കിയാണ് നെയ്മര്‍ തന്റെ പ്രകടനം തുടങ്ങിയത്. സഹതാരം കിലിയന്‍ എംബാപെയുമായുള്ള ഉരച്ചില്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പി.എസ്.ജിയില്‍ നെയ്മറിനിത് നല്ല കാലമാണ്.

മൂന്ന് മത്സരത്തില്‍ നിന്നും അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമായാണ് സീസണിന്റെ തുടക്കം താരം ഗംഭീരമാക്കിയത്.

കഴിഞ്ഞ മാസമാണ് താരത്തെ സിറ്റിയിലേക്ക് തട്ടാന്‍ പി.എസ്.ജി ചരടുവലിച്ചത്.

പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപേ നെയ്മറിനെ ടീമില്‍ നിന്നും പുറത്താക്കാന്‍ ക്ലബ്ബിലെ തന്റെ സകല അധികാരങ്ങളും വിനിയോഗിക്കുന്നതിനിടെയാണ് നെയ്മറിനെ സിറ്റിയുമായി സ്വാപ് ചെയ്യാന്‍ ടീം തീരുമാനിച്ചതെന്ന കാര്യവും ശ്രദ്ധേയമാണ്.

നേരത്തെ, തനിക്ക് പി.എസ്.ജിക്കൊപ്പം തന്നെ നിലനില്‍ക്കാനാണ് ആഗ്രഹമെന്ന് നെയ്മര്‍ ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘എനിക്ക് ക്ലബ്ബില്‍ തന്നെ നില്‍ക്കണമെന്നാണ് ആഗ്രഹം. എനിക്ക് ആരോടും ഒന്നും തന്നെ തെളിയിക്കാനില്ല എന്നതാണ് പരമമായ സത്യം. ആളുകള്‍ക്കും ഒന്നും ചെയ്യാനില്ലാത്തതിനാല്‍ അവര്‍ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.

ഞാന്‍ എന്താണെന്നും ഞാന്‍ എങ്ങനെ കളിക്കുന്നു എന്ന കാര്യവും എല്ലാവര്‍ക്കുമറിയാം. എനിക്കൊന്നും തെളിയിക്കാനില്ല, എനിക്ക് ഫുട്‌ബോള്‍ കളിക്കാന്‍ ഏറെയിഷ്ടമാണ്. ഞാനിവിടെ സന്തുഷ്ടനുമാണ്,’ നെയ്മര്‍ പറഞ്ഞു.

ലീഗ് വണ്ണില്‍ ലില്ലെയോടാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. കളിച്ച രണ്ട് കളിയിലും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് പി.എസ്.ജി. കളിച്ച രണ്ട് കളിയില്‍ നിന്നും ഒന്ന് വിതം ജയവും സമനിലയുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ലില്ലെ.

Content Highlight: Manchester City manager Pep Guardiola has reportedly turned down the chance to sign PSG superstar Neymar as part of a swap deal.

We use cookies to give you the best possible experience. Learn more