|

മെസി ന്നാ സുമ്മാവാ... ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മെസിയെ പൊക്കിയടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ നടന്ന സ്റ്റാര്‍ സ്റ്റഡ്ഡഡ് മത്സരത്തില്‍ ലില്ലെയെ തോല്‍പിച്ച് പി.എസ്.ജി പോയിന്റ് പട്ടികയുടെ മുകളില്‍ തന്നെ സ്ഥാനം നിലനിര്‍ത്തിയിരുന്നു. ഒന്നിനെതിരെ ഏഴ് ഗോളുമായിട്ടായിരുന്നു ഫ്രഞ്ച് വമ്പന്‍മാരുടെ അഴിഞ്ഞാട്ടം.

പി.എസ്.ജിയുടെ സൂപ്പര്‍ താരങ്ങളെല്ലാം തന്നെ ടീമിനായി വലകുലുക്കിയപ്പോള്‍ ലില്ലെ തകര്‍ന്നടിഞ്ഞു. ഹാട്രിക്കുമായി എംബാപ്പെയും ഡബിളുമായി നെയ്മറും തകര്‍ത്തടിച്ചപ്പോള്‍ മെസിയും ഹക്കീമിയും ബാക്കിയുള്ള ഗോളും വലയിലാക്കി.

മത്സരത്തിന്റെ ആദ്യ മിനിട്ടില്‍ തന്നെ പി.എസ്.ജി എതിരാളികളെ ഞെട്ടിച്ചിരുന്നു. മെസിയുടെ സൂപ്പര്‍ അസിസ്റ്റിലൂടെ എംബാപ്പെ ലില്ലെ വലകുലുക്കിയപ്പോള്‍ ഒന്നാം മിനിട്ടില്‍ തന്നെ ഗോള്‍ പിറന്നു. മെസിയുടെ കരിയറിലെ വേഗതയേറിയ അസിസ്റ്റായിരുന്നു അത്.

ആദ്യ ഗോളിന് വഴിയൊരുക്കിയതിന് പിന്നാലെ ടീമിന്റെ രണ്ടാം ഗോള്‍ വലയിലെത്തിച്ചത് മെസിയായിരുന്നു. താന്‍ പിഎസ്.ജിയില്‍ സെറ്റിലാവുന്നതിന്റെ സൂചനയായിരുന്നു താരം നല്‍കിക്കൊണ്ടിരുന്നത്.

മത്സരത്തിലെ വിജയത്തിന് പിന്നാലെ മെസിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് അര്‍ജന്റീനയില്‍ മെസിയുടെ സഹതാരവും മാഞ്ചസ്റ്റര്‍ സിറ്റി ലെജന്‍ഡുമായ സെര്‍ജിയോ അഗ്യൂറോ.

മത്സരത്തിന് ശേഷം മെസി പങ്കുവെച്ച പോസ്റ്റിന് കീഴെയായിരുന്നു അഗ്യൂറോയുടെ പുകഴ്ത്തല്‍.

‘മികച്ച പ്രകടനം, ലയണല്‍ അന്ദ്രേസ് മെസി ജീ’ (Nice one Lionel Andrés Mssi jeee) എന്നായിരുന്നു അഗ്യൂറോയുടെ കമന്റ്.

കഴിഞ്ഞ സീസണില്‍ പി.എസ്.ജിയെ മറികടന്ന് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ ലില്ലെയാണ് തോല്‍പിച്ചതെന്നതും പി.എസ്.ജിയുടെ ആവേശവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നുണ്ട്.

എംബാപ്പെയും മെസിയും ഹക്കിമിയും നെയ്മറും ചേര്‍ന്ന് ആദ്യ പകുതിയില്‍ തന്നെ ലില്ലെയുടെ വലയില്‍ നാല് ഗോളെത്തിച്ചിരുന്നു. രണ്ടാം പകുതിയില്‍ നെയ്മര്‍ ഡബിളും എംബാപ്പെ തന്റെ ഹാട്രിക്കും തികച്ചതോടെ ലില്ലെയുടെ പതനം പൂര്‍ത്തിയായി.

നെയ്മറും എംബാപ്പെയും തമ്മിലുള്ള ഈഗോ ക്ലാഷിന് ഒരുപരിധി വരെ അന്ത്യമിട്ട മത്സരം കൂടിയായിരുന്നു ലില്ലെക്കെതിരെ നടന്നത് എന്നതും ടീം മാനേജ്‌മെന്റിന്റെ ആത്മവിശ്വാസം വാനോളം വര്‍ധിപ്പിക്കുന്നുണ്ട്.

നെയ്മറും എംബാപെയും തമ്മില്‍ മോണ്ട്പെല്ലിയറിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ പെനാല്‍ട്ടിയുടെ പേരില്‍ പ്രശ്നം അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെ എംബാപ്പെയെ വിമര്‍ശിക്കുന്ന ട്വീറ്റില്‍ നെയ്മര്‍ ലൈക്കടിച്ചതും വിവാദം ആളിക്കത്താന്‍ കാരണമായി. എന്നാല്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് കോച്ച് വ്യക്തമാക്കിയിരുന്നു.

ഇതിന് ശേഷമുള്ള മത്സരത്തില്‍ ഇരുവരും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതും ടീമിന് തുണയായി.

ഓഗസ്റ്റ് 29നാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. മൊണാക്കോയാണ് എതിരാളികള്‍.

Content Highlight: Manchester City Legend Sergio Aguero praises Lionel Messi

Latest Stories