ഖത്തറിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം; അര്‍ജന്റൈന്‍ താരത്തെ ക്ലബ്ബിലെത്തിച്ച് മാഞ്ചസ്റ്റര്‍ സിറ്റി
Football
ഖത്തറിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം; അര്‍ജന്റൈന്‍ താരത്തെ ക്ലബ്ബിലെത്തിച്ച് മാഞ്ചസ്റ്റര്‍ സിറ്റി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd January 2023, 8:20 am

അര്‍ജന്റൈന്‍ യുവ താരം മാക്‌സിമോ പെറോണുമായി സൈനിങ് പൂര്‍ത്തീകരിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. നിലവില്‍ അര്‍ജന്റൈന്‍ ക്ലബ്ബായ വെലെസ് സാര്‍സ്ഫീല്‍ഡില്‍ കളിക്കുന്ന പെറോണിനെ ക്ലബ്ബിലെത്തിക്കാന്‍ നേരത്തെ ശ്രമങ്ങള്‍ നടന്നിരുന്നെന്നും അതിനായി ഗ്വാര്‍ഡിയോളയും അര്‍ജന്റീന അണ്ടര്‍ 20 ടീമിന്റെ പരിശീലകനായ ഹാവിയര്‍ മഷരാനോയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും പ്രശസ്ത ഫുട്‌ബോള്‍ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരെസ് റിവര്‍പ്ലേറ്റില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയത്.

ടീമില്‍ ഏര്‍ലിങ് ഹാലന്‍ണ്ട് എന്ന ശക്തനായ പോരാളി ഉള്ളതിനാല്‍ പകരക്കാരനായിട്ടായിരുന്നു അല്‍വാരെസ് പലപ്പോഴും കളത്തില്‍ ഇറങ്ങാറുണ്ടായിരുന്നത്.

താരത്തിന്റെ പ്രകടനത്തില്‍ നേരത്തെ തന്നെ വിശ്വാസമര്‍പ്പിച്ചിരുന്ന പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയെ പോലും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമായിരുന്നു അല്‍വാരെസ് ഖത്തര്‍ ലോകകപ്പില്‍ കാഴ്ചവെച്ചത്.

അര്‍ജന്റീനയില്‍ നിന്നുമുള്ള അല്‍വാരസിന്റെ പ്രവേശം മികച്ച രീതിയില്‍ ഫലം കണ്ടതോടെ പെപ് മറ്റൊരു അര്‍ജന്റീന താരത്തെ കൂടി സ്വന്തമാക്കാന്‍ രംഗത്തെത്തുകയായിരുന്നു. 19കാരനായ പെറോണിനായി ഏഴ് മില്യണ്‍ പൗണ്ട് ആണ് സിറ്റി വിലയിട്ടിരിക്കുന്നത്.

നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ വെലസിനായി ഈ സീസണില്‍ 33 മത്സരങ്ങള്‍ കളിക്കുകയും രണ്ട് ഗോളും മൂന്ന് അസിസ്റ്റും പെറോണ്‍ അക്കൗണ്ടിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ച പെറോണ്‍ അണ്ടര്‍ 20 ദേശീയ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്.

ഈ മാസം നടക്കാനിരിക്കുന്ന സൗത്ത് അമേരിക്കന്‍ അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയെ പ്രതിനിധീകരിച്ച് കളിക്കാന്‍ ഒരുങ്ങുകയാണ് പെറോണ്‍. അതിനുശേഷം താരം യൂറോപ്പിലാവും കളി തുടരുകയെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതിനകം തന്നെ കഴിവ് തെളിയിച്ച പെറോണിനായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ന്യൂകാസില്‍ യുണൈറ്റഡ്, വോള്‍വ്സ് എന്നിവരും പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയും രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Manchester City have completed the signing of Argentinian talent Máximo Perrone