വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള തന്റെ ലോകകപ്പ് ഫേവറിറ്റുകളെ കുറിച്ച് വ്യക്തമാക്കിയതായി സിറ്റിയുടെ അര്‍ജന്റൈന്‍ താരം ജൂലിയന്‍ അല്‍വാരസ്.
അര്‍ജന്റീനയായിരിക്കും വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ തന്റെ ഫേവറിറ്റുകളെന്ന് പെപ് പറഞ്ഞതായി അല്‍വാരസ് വ്യക്തമാക്കുന്നു.
ഇ.എസ്.പി.എന്‍ അര്‍ജന്റീനക്ക് നല്‍കിയ അഭിമുഖത്തിലാണ് പെപ് ഗ്വാര്‍ഡിയോള അര്‍ജന്റീനക്ക് സാധ്യത കല്‍പിച്ചതിനെ കുറിച്ച് അല്‍വാരസ് പറയുന്നത്.
‘മാഞ്ചസ്റ്റര്‍ സിറ്റിയില്‍ അതെന്റെ ആദ്യ കാലങ്ങളായിരുന്നു. പെപ് അടക്കം ഞങ്ങള്‍ കുറച്ചുപേര്‍ ഖത്തര്‍ ലോകകപ്പ് ആര് വിജയിക്കും എന്ന് സംസാരിക്കുകയായിരുന്നു. പോര്‍ച്ചുഗല്‍ താരങ്ങള്‍, റോഡ്രി, പെപ് പിന്നെ ഞാനും ആയിരുന്നു ഉണ്ടായിരുന്നത്.
പലരും പല ടീമിനെയും പറഞ്ഞു, പോര്‍ച്ചുഗല്‍ ഫ്രാന്‍സ് അങ്ങനെ കുറേ പേരുകള്‍. ഞാന്‍ ഒരക്ഷരവും പറഞ്ഞിരുന്നില്ല. അപ്പോള്‍ പെപ് അവരോട് പറഞ്ഞു ‘ആര്‍ക്കാണ് ലോകകപ്പില്‍ ഏറ്റവും അധികം ചാന്‍സ് ഉള്ളതെന്ന് നിങ്ങള്‍ക്കറിയാമോ?’ എന്നിട്ട് അദ്ദേഹം എന്റെ നേരെ കൈ ചൂണ്ടി,’ അല്‍വാരസ് പറയുന്നു.
ലോകകപ്പ് നേടാന്‍ സാധ്യത കല്‍പിക്കുന്ന ടീമുകളില്‍ പ്രധാനികളാണ് അര്‍ജന്റീന. പരാജയമറിയാത്ത 35 മത്സരങ്ങളുമായി ലയണല്‍ സ്‌കലോണിയുടെ കുട്ടികള്‍ കുതിക്കുകയാണ്. കിരീട വരള്‍ച്ചക്ക് വിരാമമിട്ട് കോപ്പ അമേരിക്കയും ഫൈനലിസീമ കിരീടവും സ്വന്തമാക്കിയാണ് മെസിയും സംഘവും ഖത്തറിലേക്ക് പറക്കുന്നത്.
പുതുക്കിയ റാങ്കിങ് പ്രകാരം മൂന്നാം സ്ഥാനത്താണ് അര്‍ജന്റീന. ഒന്നാം സ്ഥാനത്ത് ബ്രസീലും രണ്ടാമത് ബെല്‍ജിയവുമാണ് റാങ്കിങ്ങില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
മികച്ച സ്‌ക്വാഡ് തന്നെയാണ് ഇത്തവണ അര്‍ജന്റീനക്കുള്ളത്. മെസിക്കൊപ്പം ഏയ്ഞ്ചല്‍ ഡി മരിയ, മാര്‍ട്ടീനസ്, പൗലോ ഡിബാല, എമിലിയാനോ മാര്‍ട്ടീനസ്, ഡി പോള്‍ എന്നിവരടക്കമുള്ള ശക്തമായ നിരയാണ് അര്‍ജന്റീനക്കുള്ളത്.
കഴിഞ്ഞ 36 വര്‍ഷമായി അര്‍ജന്റീനക്കാര്‍ കൊതിക്കുന്ന ലോകകപ്പ് വീണ്ടും അര്‍ജന്റൈന്‍ മണ്ണിലേക്കെത്തിക്കാന്‍ തന്നെയാവും മറഡോണയുടെ പിന്‍മുറക്കാര്‍ വിമാനം കയറുന്നത്.
2022 ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന. സൗദി അറേബ്യ, പോളണ്ട്, മെക്‌സിക്കോ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. നവംബര്‍ 22നാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. സൗദി അറേബ്യയാണ് എതിരാളികള്‍.