ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ജി യില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ക്രവേണ വെസ്ദക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം.
ഈ തകര്‍പ്പന്‍ ജയത്തോടെ ഒരു ചരിത്ര റെക്കോഡാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. യൂറോപ്യൻന്‍ കോമ്പറ്റീഷനുകളില്‍ തുടര്‍ച്ചയായ എട്ട് മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ഇംഗ്ലീഷ് ടീമെന്ന നേട്ടമാണ് പെപ് ഗ്വാര്‍ഡിയോളയും കൂട്ടരും സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ ആറ് മത്സരവും വിജയിച്ച് 18 പോയിന്റുമായി മികച്ച പ്രകടനമാണ് സിറ്റി നടത്തിയത്.
ക്രെവേണ വെസ്ദയുടെ ഹോം ഗ്രൗണ്ടായ റെഡ് സ്റ്റാര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 19ാം മിനിട്ടില്‍ മിക്കാഹ് ഹാമില്‍ടണ്‍ ആണ് സിറ്റിക്കായി ആദ്യ ലീഡ് നേടിയത്. ആദ്യ പകുതി പിന്നിടുമ്പോള്‍ 1-0 സിറ്റി മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ മത്സരം കൂടുതല്‍ ആവേശകരമായി മാറി. 62ാം മിനിട്ടില്‍ ഓസ്‌ക്കാര്‍ ബോബ് സിറ്റിക്കായി രണ്ടാം ഗോള്‍ നേടി. മത്സരത്തിന്റെ 76ാം മിനിട്ടില്‍ ഹാങ് ഇന്‍ ബൊയേമിലൂടെ ആതിഥേയര്‍ തിരിച്ചടിച്ചു.
എന്നാല്‍ 85ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് കാല്‍വിന്‍ ഫിലിപ്പ്‌സ് സിറ്റിക്കായി മൂന്നാം ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ അലക്‌സാണ്ടര്‍ കാട്ടായ്‌ലിയൂടെ ആതിഥേയര്‍ രണ്ടാം ഗോള്‍ നേടി പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ സിറ്റി 3-2ന്റെ മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.
ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ഡിസംബര്‍ 16ന് ക്രിസ്റ്റല്‍ പാലസിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയമാണ് വേദി.
Content Highlight: Manchester city create record in Europe football.