ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി വിജയ കുതിപ്പ് തുടരുന്നു. ജർമൻ ക്ലബ്ബായ ആർ.ബി ലെപ്സിക്കിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് പെപ്പും കൂട്ടരും തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയത്.
ആർ.ബി ലെപ്സിക്കിന്റെ ഹോം ഗ്രൗണ്ടായ റെഡ്ബുൾ അറീന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-2-3-1 എന്ന ഫോർമേഷനിലാണ് ആതിഥേയർ ഇറങ്ങിയത്. അതേസമയം മറുഭാഗത്ത് 3-4-2-1 എന്ന ഫോർമേഷനിലായിരുന്നു ആയിരുന്നു സിറ്റിയുടെ പോരാട്ടം.
മത്സരത്തിന്റെ 25ാം മിനിട്ടിൽ ഇംഗ്ലണ്ട് യുവതാരം ഫിലിപ്പ് ഫോഡനിലൂടെ മാഞ്ചസ്റ്റർ സിറ്റിയാണ് ആദ്യം മത്സരത്തിൽ ലീഡെടുത്തത്. ബോക്സിനുള്ളിൽ നിന്നും താരം പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. തുടർന്ന് ഗോൾ നേടാൻ സിറ്റി നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ആദ്യപകുതി പിന്നിടുമ്പോൾ 1-0ത്തിന് സന്ദർശകർ മുന്നിട്ട് നിൽക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ കളി തുടങ്ങി നിമിഷനേരം കൊണ്ട് ആർ.ബി ലെപ്സിക് ഗോൾ തിരിച്ചടിച്ചു. മത്സരത്തിന്റെ 48ാം മിനിട്ടിൽ ലോയിസ് ഒപ്പേണ്ടയറിലൂടെയാണ് ആതിഥേയർ ഒപ്പമെത്തിയത്. കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു താരത്തിന്റ ഗോൾ. വിജയ ഗോളിനായി അവസാനം നിമിഷം വരെ ഇരു ടീമുകളും ശ്രമങ്ങൾ നടത്തി.
ഒടുവിൽ 84ാം മിനിട്ടിൽ അർജന്റീനയുടെ യുവതാരം ജൂലിയൻ അൽവാരത്തിലൂടെ സിറ്റി വീണ്ടും മുന്നിലെത്തി. പെനാൽട്ടി ബോക്സിൽ നിന്നും മനോഹരമായ ഒരു കർവിലൂടെ താരം ഗോൾ നേടുകയായിരുന്നു.
മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ജെറമി ഡോകുവിലൂടെ സിറ്റി മൂന്നാം ഗോൾ നേടിയതോട മത്സരം സ്വന്തമാക്കി. പന്തുമായി അതിവേഗം മുന്നേറിയ താരം ഗോൾ നേടുകയായിരുന്നു. അവസാനം ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ 3-1ന് പെപും പിള്ളേരും മത്സരം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ രണ്ട് മത്സരവും ജയിച്ച് ഗ്രൂപ്പ് ജി യിൽ ഒന്നാം സ്ഥാനത്താണ് സിറ്റി. അതേസമയം ആദ്യം മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയ ആർ.ബി ലെപ്സികിന് ഈ ഫോം സിറ്റിക്കെതിരെ പുറത്തെടുക്കാൻ കഴിയാതെ പോയതാണ് തിരിച്ചടിയായത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒക്ടോബർ എട്ടിന് ആഴ്സണലിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. ഗണ്ണേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ എമിറൈറ്റ്സ് സ്റ്റേഡിയത്തിൽ ആണ് മത്സരം.
അതേസമയം ബുണ്ടസ് ലീഗയിൽ ഒക്ടോബർ ഏഴിന് വി.എഫ്.എൽ ബൊച്ചുമിനെതിരെയാണ് ആർ.ബി ലെപ്സികിന്റെ മത്സരം.