| Saturday, 11th February 2023, 4:37 pm

ഹാലണ്ടിന് വേണമെങ്കിൽ സിറ്റിയിൽ നിന്നും പോകാം; പക്ഷെ അതിന് ആ സൂപ്പർ താരം ടീമിലെത്തണം; പെപ്പ് ഗ്വാർഡിയോള

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെത്തി കുറച്ച് നാളുകൾ കൊണ്ട് തന്നെ ഗോളടിയിൽ റെക്കോർഡിട്ട താരമാണ് നോർവീജിയൻ ഇന്റർനാഷണൽ എർലിങ് ഹാലണ്ട്.

ജർമനിയിലെ ഏറ്റവും കൂടുതൽ ആരാധകവൃന്ദമുള്ള ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നുമാണ് ഹാലണ്ടിനെ കഴിഞ്ഞ വർഷം 51 മില്യൺ പൗണ്ടിന് സിറ്റി തങ്ങളുടെ ക്ലബ്ബിലേക്കെത്തിച്ചത്.

സിറ്റിയിൽ എത്തിയ ഹാലണ്ട് ക്ലബ്ബിനായി ആകെ കളിച്ച 28 മത്സരങ്ങളിൽ നിന്നും 31 ഗോളുകളാണ് ഇതുവരെ സ്വന്തമാക്കിയത്.
എന്നാൽ വന്ന സമയത്ത് ക്ലബ്ബിനായി ഗോൾ വേട്ട നടത്തിയിരുന്ന താരം കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി തീരെ നിറം കെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. ക്ലബ്ബിന് ഏറ്റവും അത്യാവശ്യമുള്ള സമയത്ത്‌ മികവോടെ കളിക്കാൻ സാധിക്കാത്തതിനാൽ ഹാലണ്ടും ക്ലബ്ബ് അധികൃതരും സ്വരച്ചേർച്ചയിലല്ലെന്ന് നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

കൂടാതെ സിറ്റിയുടെ കോച്ചായ പെപ്പ് ഗ്വാർഡിയോളയും ഹാലണ്ടും തമ്മിലുള്ള ബന്ധവും മോശം അവസ്ഥയിലാണെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ സീസണിൽ ഇതുവരെ ഒരു എവേ ഗോൾ സ്വന്തമാക്കാൻ സാധിക്കാത്ത ഹാലണ്ടിന് ആവശ്യമെങ്കിൽ ക്ലബ്ബ് വിടാം എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ പെപ്പ്. പക്ഷെ അതിനാദ്യം ടോട്ടൻഹാമിൽ നിന്നും ഹാരി കെയ്ൻ സിറ്റിയിലെത്തണമെന്നും പെപ്പ് പറഞ്ഞു.

ബോക്സിലേക്ക് പന്തെത്തിയാൽ അത് ഗോൾ ആക്കുന്നതിൽ മാത്രമാണ് ഹാലണ്ടിന്റെ കഴിവെന്നും കളി ബിൽഡ് ചെയ്യുന്നതിലോ, ടീമംഗങ്ങളുമായി ഒത്തൊരുമിച്ച് കളി മെനയുന്നതിലോ ഹാലണ്ടിന് കഴിവില്ലെന്നാണ് പെപ്പിന്റെ പക്ഷം.

എന്നാൽ കെയ്ൻ ടീമിലെത്തുന്നതോടെ താരത്തിന് ഫാൾസ് നയൻ പൊസിഷനിൽ കളിക്കാനും ഗോൾ അവസരങ്ങൾ സൃഷ്‌ടിക്കാനും സാധിക്കുമെന്നാണ് പെപ്പിന്റെ വിലയിരുത്തൽ.

അതേസമയം നിലവിൽ 21 മത്സരങ്ങളിൽ നിന്നും 45 പോയിന്റുമായി പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്താണ് മാൻ സിറ്റി.

22 മത്സരങ്ങളിൽ നിന്നും 39 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടോട്ടൻഹാം.

Content Highlights:Manchester City coach Pep Guardiola said he will let Erling Haaland to join another clubif he’s allowed to sign harry kane

We use cookies to give you the best possible experience. Learn more