ഈ തോൽ‌വിയിൽ തളരില്ല, ഞങ്ങൾക്ക് 'ട്രെബിൾ' ഉണ്ട്: പെപ് ഗ്വാർഡിയോള
Football
ഈ തോൽ‌വിയിൽ തളരില്ല, ഞങ്ങൾക്ക് 'ട്രെബിൾ' ഉണ്ട്: പെപ് ഗ്വാർഡിയോള
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th September 2023, 12:18 pm

കഴിഞ്ഞ ദിവസം നടന്ന ഇ.എഫ്.എൽ കപ്പിൽ ന്യൂകാസിൽ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചിരുന്നു. ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടായ എസ്.ടി ജെയിംസ് പാർക്ക്‌ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ന്യൂകാസിൽ യുണൈറ്റഡിന്റെ വിജയം.

ഈ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. സിറ്റി ട്രെബിളിൽ കൂടുതൽ സന്തുഷ്ടരാണെന്നാണ് ഗ്വാർഡിയോള പറഞ്ഞത്.

‘ഞങ്ങളുടെ ലക്ഷ്യം ക്വാഡ്രപ്പിൾ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? സിറ്റിയുടെ ട്രെബിളിൽ ഞങ്ങൾ സന്തുഷ്ടരാണ്,’ സ്കൈ സ്പോർട്സിനോട് പെപ് പറഞ്ഞു.

‘ഞങ്ങൾ മികച്ച കളിയാണ് പുറത്തെടുത്തത്. എന്നാൽ രണ്ടാം പകുതിയിൽ അവർ കൂടുതൽ ആക്രമണോത്സുകരായി മാറുകയും ഗോൾ നേടുകയും ചെയ്തു,’ ഗ്വാർഡിയോള കൂട്ടിച്ചേർത്തു.

മത്സരത്തിൽ 3-2-4-1 എന്ന ഫോർമേഷനിൽ ആണ് പെപ് സിറ്റിയെ അണിനിരത്തിയത്. മറുഭാഗത്ത് 4-3-3 എന്ന ഫോർമേഷനിൽ ന്യൂകാസിലും കളത്തിലിറങ്ങി. ആദ്യപകുതിയിൽ ഇരുടീമിനും ഗോൾ നേടാൻ സാധിച്ചില്ല.

രണ്ടാം പകുതിയിൽ 53ാം മിനിട്ടിൽ അലക്‌സാണ്ടർ ഇസാക്‌ ആണ് ന്യൂകാസിലിന്റെ വിജയഗോൾ നേടിയത്. തോൽവിയോട് സിറ്റി ഇ. എഫ്.എൽ കപ്പിൽ നിന്നും പുറത്താവുകയും ചെയ്തു.

കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും ആദ്യ ഇലവനിൽ ഏഴ് മാറ്റങ്ങൾ വരുത്തിയാണ് ഗാർഡിയോള കളത്തിലിറങ്ങിയത്. സിറ്റിയുടെ ഗോൾവേട്ടക്കാരൻ എർലിങ് ഹാലാൻണ്ടിനെ പോലും ആദ്യ ഇലവനിൽ ഇറക്കിയില്ല. ഈ പരീക്ഷണ ഇലവൻ മത്സരത്തിന്റെ ആദ്യ പകുതിയിൽ മികച്ച കളി പുറത്തെടുത്തെങ്കിലും ഗോൾ നേടാനാവാതെ പോയതാണ് ടീമിന് തിരിച്ചടിയായത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനമാണ് സിറ്റി കാഴ്ചവെക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ ആറ് കളികളും ജയിച്ച് 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സിറ്റി.

അതേ സമയം ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരം വിജയിച്ചുകൊണ്ട് ഗ്രൂപ്പ്‌ ജി-യിൽ രണ്ടാം സ്ഥാനത്തുമുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സെപ്റ്റംബർ 30ന് മാഞ്ചസ്റ്റർ സിറ്റി വോൾവസിനെ നേരിടും. വോൾവസിന്റെ ഹോം ഗ്രൗണ്ടായ മോളിനക്സിൽ വെച്ചാണ് മത്സരം നടക്കുക.

Content Highlight: Manchester City coach Pep Guardiola reacts after the defeat against Newcastle United.