| Saturday, 27th January 2024, 2:35 pm

നാല് വർഷങ്ങൾ,102 ഷോട്ടുകൾ; ഒറ്റ ഗോളിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

സ്പോര്‍ട്സ് ഡെസ്‌ക്

എഫ്.എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ വിജയം. ടോട്ടന്‍ഹാം ഹോട്‌സ്പറിനെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്.

ടോട്ടന്‍ഹാമിന്റെ ഹോം ഗ്രൗണ്ടില്‍ നീണ്ട ആറുമത്സരങ്ങള്‍ക്ക് ശേഷമാണ് മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ നേടുന്നത്. നീണ്ട നാലുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പര്‍സിന്റെ ഹോം ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ നേടുന്നത്.

സ്പര്‍സിന്റെ തട്ടകത്തില്‍ അവസാനം കളിച്ച അഞ്ചു മത്സരങ്ങളിലും മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുകയായിരുന്നു. ഈ മത്സരങ്ങളില്‍ ഒരുതവണ പോലും പെപ്പിനും കൂട്ടര്‍ക്കും ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.

ടോട്ടന്‍ഹാമിനെതിരെ ഒരു ഗോള്‍ നേടാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആറ് മത്സരങ്ങളും, നാലു വര്‍ഷവും, 102 ഷോട്ടുകള്‍ വരെയും കാത്തിരിക്കേണ്ടിവന്നുവെന്നത് ഏറെ ശ്രദ്ധേയമായി.

ടോട്ടന്‍ഹാമിന്റെ തട്ടത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും 4-2-3-1 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ 88ാം മിനിട്ടില്‍ നഥാന്‍ ആക്കെയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഏക ഗോള്‍ നേടിയത്. വലതുഭാഗത്തുനിന്നും ലഭിച്ച കോര്‍ണറില്‍ നിന്നും താരം ലക്ഷ്യം കാണുകയായിരുന്നു.

മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോസ്റ്റിലേക്ക് ഒരു ഷോട്ട് മാത്രമാണ് സ്പര്‍സിന് നേടാന്‍ സാധിച്ചത്. മറുഭാഗത്ത് 18 ഷോട്ടുകളാണ് ടോട്ടന്‍ഹാമിന്റെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫെബ്രുവരി ഒന്നിന് ബേണ്‍ലിക്കെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ട്ടാണ് ടോട്ടന്‍ഹാമിന്റെ എതിരാളികള്‍.

Content Highlight: Manchester city beat Tottenham Hotspur in FA cup.

We use cookies to give you the best possible experience. Learn more