ജയിച്ചത് മാഞ്ചസ്റ്റർ സിറ്റി, തോറ്റത് ടോട്ടൻഹാം, തിരിച്ചടി കിട്ടിയത് ആഴ്സണലിന്‌; കിരീടപോര് മുറുകുന്നു
Football
ജയിച്ചത് മാഞ്ചസ്റ്റർ സിറ്റി, തോറ്റത് ടോട്ടൻഹാം, തിരിച്ചടി കിട്ടിയത് ആഴ്സണലിന്‌; കിരീടപോര് മുറുകുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th May 2024, 9:20 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ വിജയം. ടോട്ടന്‍ഹാം ഹോട്‌സ്പറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. ഇതോടെ ഈ വര്‍ഷത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടൈറ്റിലിലേക്കുള്ള കുതിപ്പ് കൂടുതല്‍ എളുപ്പമാക്കാനും മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാധിച്ചു.

ജയത്തോടെ 37 മത്സരങ്ങളില്‍ നിന്നും 27 വിജയവും ഏഴ് സമനിലയും മൂന്നു തോല്‍വിയും അടക്കം 88 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പെപ്പും കൂട്ടരും. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഈ വിജയം കിരീട പ്രതീക്ഷകള്‍ നിലനിന്നിരുന്ന ആഴ്‌സണലിനെയാണ് ബാധിച്ചത്.

37 മത്സരങ്ങളില്‍ നിന്നും 27 വിജയവും അഞ്ച് വീതം സമനിലയും തോല്‍വിയുമായി 86 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ഗണ്ണേഴ്സ്. വിജയിച്ചതോടെ പോയിന്റ് പട്ടികയില്‍ സിറ്റിക്ക് ആഴ്സണലുമായി രണ്ട് പോയിന്റിന്റെ വ്യത്യാസമാണ് ഉള്ളത്.

ടോട്ടന്‍ഹാമിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 4-3-1-2 എന്ന ഫോര്‍മേഷനിലാണ് ഹോം ടീം കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയും ആയിരുന്നു പെപ്പും കൂട്ടരും പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ 51ാം മിനിട്ടില്‍ സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ടിലൂടെയാണ് ആദ്യം ഗോള്‍ നേടി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കാന്‍ ഇഞ്ചുറി ടൈമില്‍ നോര്‍വീജിയന്‍ താരം ഗോള്‍ നേട്ടം രണ്ടാക്കി മാറ്റി.

മത്സരത്തില്‍ 54 ശതമാനം ബോള്‍ പൊസഷനും ഹോം ടീമിന്റെ കൈവശമായിരുന്നു. 10 ഷോട്ടുകളാണ് സിറ്റിയുടെ പോസ്റ്റിലേക്ക് സ്പര്‍സ് ഉതിര്‍ത്തത് ഇതില്‍ അഞ്ചെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് എട്ട് ഷോട്ടുകള്‍ ടോട്ടന്‍ഹാമിന്റെ പോസ്റ്റിലേക്ക് സിറ്റി ഉന്നം വെച്ചു. ഇതില്‍ അഞ്ച് ഷോട്ടുകള്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു.

മെയ് 19ന് വെസ്റ്റ് ഹാമിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയമാണ് വേദി.

Content Highlight: Manchester city beat Tottenham Hotspur