ന്യൂകാസിലിനെ കത്തിച്ച് മാഞ്ചസ്റ്റർ സിറ്റി; ചരിത്രനേട്ടത്തിൽ നാലാമൻ പെപ്പും കൂട്ടരും
Football
ന്യൂകാസിലിനെ കത്തിച്ച് മാഞ്ചസ്റ്റർ സിറ്റി; ചരിത്രനേട്ടത്തിൽ നാലാമൻ പെപ്പും കൂട്ടരും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th January 2024, 8:37 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആവേശകരമായ വിജയം. ന്യൂകാസില്‍ യുണൈറ്റഡിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. രണ്ടുതവണ മത്സരത്തില്‍ പുറകില്‍ പോയതിനുശേഷം ആയിരുന്നു പെപ്പിന്റേയും കൂട്ടരുടെയും തിരിച്ചുവരവ്.

ഈ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടം സ്വന്തമാക്കാനും മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാധിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ വിജയിക്കുന്ന നാലാമത്തെ ടീം എന്ന നേട്ടമാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം പേരില്‍ കുറിച്ചത്.

ഇതിനുമുമ്പ് ഈ നേട്ടത്തില്‍ എത്തിയ ടീമുകള്‍ ലീഡ്സ് യുണൈറ്റഡ്, ടോട്ടന്‍ഹാം ഹോട്‌സ്പര്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവയാണ്. ലീഡ്സ് 1999ല്‍ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ സ്പര്‍സ് 2013ലും റെഡ് ഡെവിള്‍സ് 2020ലും ഈ നേട്ടം സ്വന്തമാക്കി.

ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടായ സെയ്ന്റ് ജെയിംസ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു ന്യൂകാസില്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ഫോര്‍മേഷനുമായിരുന്നു പെപ്പും കൂട്ടരും പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 26ാം മിനിട്ടില്‍ പോര്‍ച്ചുഗീസ് താരം ബെര്‍ണാഡോ സില്‍വയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആദ്യം ലീഡ് എടുത്തത്. എന്നാല്‍ 35ാം മിനിട്ടില്‍ അലക്‌സാണ്ടര്‍ ഐസക്കിലൂടെയും 37ാം മിനിട്ടില്‍ അന്തോണി ഗോര്‍ഡോണിലൂടെയും ആതിഥേയര്‍ ഗോളുകള്‍ തിരിച്ചടിച്ചു. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ 2-1ന് ന്യൂകാസില്‍ മുന്നിട്ടുനിന്നു.

മത്സരത്തിന് രണ്ടാം പകുതി കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു. 74ാം മിനിട്ടില്‍ ബെല്‍ജിയന്‍ താരം കെവിന്‍ ഡി ബ്രൂയ്‌നിലൂടെ സിറ്റി വീണ്ടും മത്സരത്തില്‍ ഒപ്പമെത്തി. ഇഞ്ചുറി ടൈമില്‍ ഓസ്‌കാര്‍ ബോബിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും സിറ്റി സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 20 മത്സരങ്ങളില്‍ നിന്നും 13 വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയും നടക്കുന്ന പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പെപ്പും കൂട്ടരും.

എഫ്.എ കപ്പില്‍ ജനുവരി 27ന് ടോട്ടന്‍ഹാം ഹോട്‌സ്പറിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.

Manchester city beat Newcastle United in English Premier league.