മാഞ്ചസ്റ്റര്‍ ഈസ് ബ്ലൂ! ഹാലണ്ടിന് ഡബിള്‍; ചെകുത്താന്മാർ ചാരം
Football
മാഞ്ചസ്റ്റര്‍ ഈസ് ബ്ലൂ! ഹാലണ്ടിന് ഡബിള്‍; ചെകുത്താന്മാർ ചാരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th October 2023, 8:44 am

191ാമത് മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി.

യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് ഇരട്ടഗോള്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് താരം ഫിലിപ് ഫോഡന്റെ വകയായിരുന്നു മൂന്നാം ഗോള്‍.

എര്‍ലിങ് ഹാലണ്ട് മിന്നും പ്രകടനമാണ് ഓള്‍ഡ് ട്രഫോഡില്‍ റെഡ് ഡെവിള്‍സിനെതിരെ പുറത്തെടുത്തത്. രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് താരം നേടിയത്.

മത്സരത്തിന്റെ 29ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ടായിരുന്നു ഹാലണ്ടിന്റെ ആദ്യ ഗോള്‍. 49ാം മിനിട്ടില്‍ ബെര്‍ണാഡോ സില്‍വയുടെ ക്രോസില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ ഹാലണ്ട് രണ്ടാം ഗോള്‍ നേടി. ഈ ഇരട്ടഗോളിലൂടെ ഈ സീസണില്‍ സിറ്റിക്കായി ഹാലണ്ട് 11 ഗോളുകള്‍ നേടി.

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഇതിനോടകം മൂന്ന് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളാണ് ഹാലണ്ട് നേടിയിട്ടുള്ളത്. യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഒനാനയുടെ മികച്ച സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ ഹാലണ്ട് രണ്ടിൽ കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്‌തേനെ.

ഹാലണ്ടിന് പുറമെ ഇംഗ്ലീഷ് താരം ഫോഡനും റെഡ് ഡെവിള്‍സിന്റെ വലകുലുക്കി. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ഹാലണ്ടിന്റെ പാസ് സ്വീകരിച്ച താരം ലക്ഷ്യം കാണുകയായിരുന്നു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 3-0 എന്ന സ്‌കോറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം ആരാധകരുടെ മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.

ജയത്തോടെ ലീഗില്‍ 24 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പെപും കൂട്ടരും. അതേസമയം അഞ്ചാം തോല്‍വിയോടെ എട്ടാം സ്ഥാനത്താണ് യുണൈറ്റഡ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നവംബര്‍ നാലിന് ബേണ്‍മൗത്തിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. അതേസമയം ഇ.എഫ്.എല്‍ കപ്പില്‍ നവംബര്‍ രണ്ടിന് റെഡ് ഡെവിള്‍സ് ന്യൂ കാസില്‍ യുണൈറ്റഡിനെ നേരിടും.

Content Highlight: Manchester city beat Manchester united in English premiere league.