2023-24 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീട നേട്ടത്തിലേക്ക് എത്തിയത്. ഇതിനു പിന്നാലെ ഒരു ചരിത്ര നേട്ടമാണ് പെപ്പും കൂട്ടരും സ്വന്തമാക്കിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാല് സീസണുകളില്‍ കിരീടം നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടമാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം പേരിലാക്കി മാറ്റിയത്. 38 മത്സരങ്ങളില്‍ നിന്നും 28 വിജയവും ഏഴ് സമനിലയും മൂന്നു തോല്‍വിയും അടക്കം 91 പോയിന്റോടെയാണ് സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ നെറുകയില്‍ എത്തിയത്.
കഴിഞ്ഞ ദിവസം തന്നെ നടന്ന മത്സരത്തില്‍ ആഴ്‌സണല്‍ 2-1ന്റെ ജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണയും മൂന്ന് പോയിന്റിന്റെ വ്യത്യാസത്തില്‍ ഗണ്ണേഴ്‌സിന് കിരീടം നഷ്ടമാവുകയായിരുന്നു. 38 മത്സരങ്ങളില്‍ നിന്നും 28 വിജയവും അഞ്ചു സമനിലയും അഞ്ചു തോല്‍വിയും അടക്കം 89 പോയിന്റുമായാണ് ആഴ്‌സണല്‍ ഈ സീസണ്‍ ഫിനിഷ് ചെയ്തത്.
അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1-4-1 എന്ന ഫോര്‍മേഷനില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 3-4-3 എന്ന ശൈലിയുമായിരുന്നു വെസ്റ്റ് ഹാം പിന്തുടര്‍ന്നത്.
സിറ്റിക്കായി ഇംഗ്ലണ്ട് സൂപ്പര്‍താരം ഫില്‍ ഫോഡൻ ആദ്യ പകുതിയില്‍ ഇരട്ട ഗോള്‍ നേടികൊണ്ട് മികച്ച പ്രകടനമാണ് നടത്തിയത്. മത്സരം തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ ഫോഡന്‍ ആദ്യ ഗോള്‍ നേടി. 18ാം മിനിട്ടില്‍ ആയിരുന്നു ഇംഗ്ലണ്ട് താരത്തിന്റെ രണ്ടാം ഗോള്‍.
42ാം മിനിട്ടില്‍ മുഹമ്മദ് കുടൂസിലൂടെ വെസ്റ്റ് ഹാം ഒരു ഗോള്‍ തിരിച്ചടിച്ചു. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ആതിഥേയര്‍ 2-1ന് മുന്നിട്ടുനിന്നു. 59ാം മിനിട്ടില്‍ റോഡ്രിയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം ഗോളും നേടി.
മത്സരത്തിന്റെ സര്‍വ മേഖലയിലും പെപ്പും കൂട്ടരും ആണ് മുന്നിട്ടു നിന്നിരുന്നത്. 72 ശതമാനം ബോള്‍ പൊസഷന്‍ സിറ്റിയുടെ കൈകളില്‍ ആയിരുന്നു. 28 ഷോട്ടുകളാണ് വെസ്റ്റ് ഹാമിന്റെ പോസ്റ്റിലേക്ക് സിറ്റി അടിച്ചുകൂട്ടിയത് ഇതില്‍ 12 എണ്ണം ടാര്‍ഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് മൂന്ന് ഷോട്ടുകള്‍ മാത്രമാണ് വെസ്റ്റ് ഹാം ഉതിര്‍ത്തത്. എന്നാല്‍ രണ്ട് ഷോട്ടുകള്‍ മാത്രമേ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോസ്റ്റിലേക്ക് സന്ദര്‍ശകര്‍ക്ക് അടിക്കാന്‍ സാധിച്ചത്.
Content Highlight: Manchester City 2023-24 English Premiere League tittle