കോഴിക്കോട്: ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി എല്‍.ജെ.ഡി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടിനോടുള്ള പ്രതിഷേധമാണ് ജനവിധിയെന്നും ഇതില്‍ പ്രതിഷേധിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോയെന്നും എല്‍.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
‘നരേന്ദ്രമോദി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനും വലിയ ഭീഷണിയായിരിക്കുമെന്ന ക്യാമ്പയിനാണ് എല്‍.ഡി എഫ് വളരെ ശക്തമായി കേരളത്തില്‍ ഉന്നയിച്ചത്. ഭൂരിപക്ഷ സമൂഹവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വിഷയമാണ് ശബരിമല വിഷയം. എല്‍.ജെ.ഡി അന്ന് പറഞ്ഞത് വിശ്വാസം ഭരണഘടനാപരമായ അവകാശമാണെന്നായിരുന്നു. വനിതാമതിലിന് മനസ് കൊണ്ട് എതിര്‍പ്പുണ്ടായിരുന്ന ഹിന്ദുമത വിശ്വാസികളുടെ വോട്ട് എല്‍.ഡി എഫിന് ലഭിച്ചിട്ടില്ല. യു.ഡി.എഫിനാണ് ലഭിച്ചത്.തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് അതില്‍ 90% വോട്ടും യു.ഡി.എഫിന് അനുകൂലമായി എന്നുള്ളതിനാലാണ്. മനയത്ത് ചന്ദ്രന്‍ പറഞ്ഞു.
ബി.ജെ.പി യെ പ്രതിരോധിക്കാന്‍ എല്‍.ഡി എഫിന് ആകില്ലെന്ന തിരിച്ചറിവില്‍ ന്യൂനപക്ഷവും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്‌തെന്നും മനയത്ത് ചന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ശബരിമല സ്വാധീനിച്ചിട്ടില്ലെന്നും തോല്‍വി പ്രതീക്ഷിച്ചതല്ലെന്നും എന്നാല്‍ ഈ തിരിച്ചടി താത്ക്കാലികം മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. നിയമസഭയിലേക്കുള്ളതല്ല. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാമെന്ന ചിന്ത ആളുകള്‍ക്കിടയില്‍ വന്നു. മോദി വിരുദ്ധ തരംഗവും യു.ഡി.എഫിന് അനുകൂലമായി.രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം വന്നപ്പോള്‍ തന്നെ ഞങ്ങള്‍ പറഞ്ഞ കാര്യം അദ്ദേഹം ആരോട് മത്സരിക്കാനാണ് വരുന്നത് എന്നായിരുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വേണ്ടി നില്‍ക്കുമ്പോള്‍ ഇടതുപക്ഷത്തേയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശം നല്‍കാനല്ലേ രാഹുല്‍ വരുന്നത് എന്ന് ചോദിച്ചിരുന്നു.
രാഹുല്‍ വന്നത് എന്തിനാണ് എന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ മനസിലായി. ജയിക്കാനുള്ള സീറ്റ് തേടി തന്നെ വന്നതാണെന്നും പിണറായി പറഞ്ഞിരുന്നു.