| Saturday, 18th May 2024, 10:11 pm

'ഇത് പുലിവാല്‍ ബോയ്‌സ്' ഗുണാ കേവില്‍ മണവാളനും; വൈറലായി വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസിന് മുമ്പ് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ വാക്കിലൂടെ ഹൈപ്പ് ലഭിച്ച സിനിമയായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റുമെന്ന് സുഷിന്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ പിന്നീട് സംഭവിച്ചിരുന്നു.

2024ലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറാന്‍ മഞ്ഞുമ്മല്‍ ബോയ്സിന് സാധിച്ചിരുന്നു. ജാന്‍ എ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍താര നിര തന്നെയുണ്ടായിരുന്നു. സലിംകുമാറിന്റെ മകന്‍ ചന്തു സലിംകുമാറും മഞ്ഞുമ്മല്‍ ബോയ്സില്‍ എത്തിയിരുന്നു.

ഇപ്പോള്‍ ചിത്രത്തിലെ ഗുണാ കേവ് സീനും സലിംകുമാറിന്റെ സീനും ചേര്‍ത്ത് എഡിറ്റ് ചെയ്യപ്പെട്ട വീഡിയോയാണ് വൈറലാകുന്നത്. സലിംകുമാറിന്റെ പുലിവാല്‍ കല്യാണം എന്ന സിനിമയിലെ മണവാളന്റെ സീനാണ് മഞ്ഞുമ്മല്‍ ബോയ്സിനോട് ചേര്‍ത്ത് എഡിറ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ ചന്തു സലിംകുമാറിന് പകരം സലിംകുമാറിനെ പ്ലേസ് ചെയ്താണ് വീഡിയോ. മണവാളന്‍ ഇന്‍ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ക്യാപ്ഷനോടെ ഈ വീഡിയോ ഇപ്പോള്‍ ട്രോള്‍ പേജുകളിലൂടെയും മറ്റും വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ചന്തു സലിംകുമാറിന് പുറമെ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്.

ഭാഷയുടെ അതിര്‍ത്തികള്‍ താണ്ടി ചിത്രം സൗത്ത് ഇന്ത്യ മുഴുവന്‍ തരംഗമായി മാറിയിരുന്നു. ഒരു മലയാളസിനിമക്ക് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന കളക്ഷനും ഈ കൊച്ചു സിനിമ നേടിയിരുന്നു.മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ ഒരു മലയാള സിനിമയെ തമിഴ് പ്രേക്ഷകര്‍ ആഘോഷിക്കുന്ന കാഴ്ചയും മഞ്ഞുമ്മല്‍ ബോയ്സ് കാണിച്ചു തന്നിരുന്നു.

Content Highlight: Manavalan In Manjummel Boys; Edited Video Goes Viral On Social Media

We use cookies to give you the best possible experience. Learn more