Advertisement
Kerala News
രഖിലിന് പിസ്റ്റള്‍ നല്‍കിയ സോനു കുമാര്‍ മോദി പിടിയില്‍; സംഘം എതിര്‍ത്തപ്പോള്‍ വെടിയുതിര്‍ത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 07, 03:38 am
Saturday, 7th August 2021, 9:08 am

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ പി.വി. മാനസയെ വെടിവെച്ചുകൊലപ്പെടുത്താന്‍ രഖിലിന് പിസ്റ്റള്‍ നല്‍കിയ ആള്‍ പിടിയില്‍. ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാര്‍ മോദി എന്നയാളാണ് പിടിയിലായത്.

കോതമംഗലം എസ്.ഐയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ബിഹാര്‍ പൊലീസിന്റെ സഹായത്തോടെയാണ് കേരള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സോനു കുമാറിനെ മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ രാവിലെ പത്തിന് ഹാജരാക്കി.

പിടികൂടുമ്പോള്‍ സോനുവിന്റെ സംഘം എതിര്‍ത്തുവെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു. പൊലീസ് സംഘം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സോനുവിന്റെ സംഘം കടന്നുകളഞ്ഞു. രഖിലിന്റെ സുഹൃത്തുക്കളില്‍ നിന്നാണ്പിസ്റ്റള്‍ നല്‍കിയ ആളെക്കുറിച്ച് വിവരം ലഭിച്ചത്.

രഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബര്‍ ടാക്‌സി ഡ്രൈവറെ കേരള പൊലീസ് തിരയുന്നുണ്ട്. പട്‌നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെ രഖില്‍ മുന്‍ഗറില്‍ എത്തിയെന്നാണ് സൂചന.

പ്രതി രഖില്‍ മാനസ താമസിക്കുന്ന സ്ഥലത്തെത്തി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.

പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണെന്ന് കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെ അന്വേഷിച്ച് രഖില്‍ കണ്ണൂരില്‍ നിന്നും കോതമംഗലത്ത് എത്തുകയായിരുന്നു. മാനസയെ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് നെഞ്ചിലും തലയിലും വെടിവെച്ചു. ഇതിന് പിന്നാലെ സ്വയം നിറയൊഴിച്ച് രഖിലും ജീവനൊടുക്കി. തലയ്ക്ക് നിറയൊഴിച്ച യുവാവിന്റെ തലയുടെ ഭാഗം പൂര്‍ണമായി ചിതറി തെറിച്ച നിലയിലായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Manasa murder case investigation