മാനന്തവാടി: വയനാട് മാനന്തവാടി ലിറ്റര്‍ ഫ്ളവര്‍ സ്‌കൂളില്‍ തട്ടം അണിഞ്ഞെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍. വീഴ്ച സംഭവിച്ചതായി പ്രിന്‍സിപ്പാള്‍ സമ്മതിച്ചു.
സബ് കളക്ടര്‍ ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വീഴ്ച സമ്മതിച്ചത്. ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ പുറത്താക്കിയത് അന്വേഷിക്കാനെത്തിയ രക്ഷിതാവിനോട് സ്‌കൂളില്‍ ഷാള്‍ അനുവദിക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ കുട്ടിക്ക് ടി.സി നല്‍കാമെന്നുമായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പ്രതികരണം.
പ്രധാനാധ്യാപിക മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു. നാടിന്റെ മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.
ഷാള്‍ ധരിച്ച് ക്ലാസിലെത്തിയ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ തിരിച്ച് അയച്ചതാണ് വിവാദമായിരുന്നത്. ഇത് അന്വേഷിക്കാനെത്തിയ, രക്ഷിതാവിനോട് സ്‌കൂളില്‍ ഒരു മതചിഹ്നങ്ങളും അനുവദിക്കാനാകില്ലെന്നും ഹിജാബ് അണിയാന്‍ അനുവാദമില്ലെന്നും പ്രധാനാധ്യാപിക പറയുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.
ആവശ്യമെങ്കില്‍ കുട്ടിക്ക് ടി.സി നല്‍കാമെന്നുമായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ പ്രതികരണം. എന്തിനാണ് കൊച്ചുകുട്ടികളെ ഇങ്ങനെ നടത്തിക്കണമെന്ന് നിങ്ങള്‍ വാശി പിടിക്കുന്നത് എന്നായിരുന്നു കുട്ടിയുടെ പിതാവിനോട് പ്രിന്‍സിപ്പാള്‍ ചോദിച്ചത്.
കര്‍ണാടകയിലെ ഹിജാബ് വിഷയം വന്‍ വിവാദമാവുകയും അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമാനമായ സംഭവം കേരളത്തിലും നന്നത്.