| Sunday, 25th December 2022, 2:04 pm

'സഭയിലെ ഹീന പ്രവണതകള്‍ ലജ്ജാകരം'; വിശ്വാസികളോട് മാപ്പ് ചോദിച്ച് മാനന്തവാടി രൂപത ബിഷപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സഭയില്‍ നടമാടുന്ന ഹീന പ്രവണതകള്‍ ലജ്ജാകരമാണെന്നും, അത്തരം സംഭവങ്ങളില്‍ വിശ്വാസികള്‍ക്കുണ്ടായ ദുഃഖത്തിന് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം.

മാനന്തവാടി കണിയാരം കത്തീഡ്രലില്‍ നടന്ന പാതിര കുര്‍ബാനയില്‍ ക്രിസ്മസ് സന്ദേശം നല്‍കുന്നതിന് ഇടയിലായിരുന്നു ബിഷപ്പിന്റെ ക്ഷമാപണം.

കഴിഞ്ഞ ദിവസം കുര്‍ബാന തര്‍ക്കം നടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിലെ പാതിരാ കുര്‍ബാന ഉപേക്ഷിച്ചിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ സാഹചര്യത്തിലാണ് മാനന്തവാടി രൂപതാ ബിഷപ്പിന്റെ പ്രതികരണം.

എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിലെ കുര്‍ബാന തര്‍ക്കത്തെത്തുടര്‍ന്ന് എ.ഡി.എം വിളിച്ച ചര്‍ച്ചയില്‍ പാതിരാ കുര്‍ബാന അടക്കം തിരുകര്‍മങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഇരു വിഭാഗവും തമ്മില്‍ ധാരണയാവുകയായിരുന്നു.

സംഘര്‍ഷത്തിന് സമവായം ഉണ്ടായശേഷം ഇനി പള്ളിയില്‍ തിരുകര്‍മ്മങ്ങള്‍ നടത്തിയാല്‍ മതിയെന്ന നിര്‍ദേശം ചര്‍ച്ചയില്‍ അംഗീകരിക്കുകയായിരുന്നു. ബസലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ആന്റണി പൂതവേലില്‍, വിമതവിഭാഗം വൈദിക സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാന്‍ അടക്കമുള്ളവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഡിസംബര്‍ 23ന് വൈകീട്ട് അഞ്ച് മണി മുതലാണ് സിറോ മലബാര്‍ സഭയിലെ ഇരുവിഭാഗവും എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിക്കുള്ളിലെത്തി രണ്ട് രീതിയിലുള്ള കുര്‍ബാന നടത്തിയത്.

പുതിയ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആന്റണി പൂതവേലില്‍ ഏകീകൃത കുര്‍ബാന രീതി അര്‍പ്പിച്ചപ്പോള്‍, വിമത വിഭാഗക്കാരായ പുരോഹിതര്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ പള്ളി പരിസരത്തുണ്ടായ സംഘര്‍ഷം 18 മണിക്കൂറോളം നീണ്ടുനിന്നു.

പൂതവേലില്‍ ഗോബാക്ക് വിളികളുമായി വിമത വിഭാഗക്കാര്‍ എത്തിയപ്പോള്‍ ഔദ്യോഗിക പക്ഷത്തിനൊപ്പം നില്‍ക്കുന്നവര്‍ ഇവരെ തടയാനും എത്തി. ഇവര്‍ പരസ്പരം അസഭ്യം പറഞ്ഞും മുദ്രാവാക്യം വിളിച്ചും പള്ളിക്കുള്ളില്‍ ഏറ്റുമുട്ടലിന്റെ വക്കിലേക്ക് കാര്യങ്ങളെ എത്തിക്കുകയായിരുന്നു. സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചുകൊണ്ട്കേട്ടാലറക്കുന്ന തെറികളായിരുന്നു വിളിച്ചിരുന്നത്.

അള്‍ത്താരയില്‍ ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടായി. പ്രതിഷേധക്കാര്‍ വൈദികരെ കയ്യേറ്റം ചെയ്യുകയും ബലിപീഠം തള്ളിമാറ്റുകയും വിളക്കുകള്‍ തകര്‍ക്കുകയും ചെയ്തു.

സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാനായി പള്ളിയില്‍ പൊലീസെത്തിയിരുന്നു. സംഘര്‍ഷം അതിരുവിട്ടതോടെ പൊലീസ് ഇരുകൂട്ടരെയും പുറത്താക്കി പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എന്താണ് സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം

ഏകീകൃത കുര്‍ബാനച്ചൊല്ലല്‍ രീതിയെ എതിര്‍ക്കുന്ന വിമത വിഭാഗത്തില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും ഒരൊറ്റ രീതിയില്‍ തന്നെ കുര്‍ബാന അര്‍പ്പിക്കണം എന്ന് ബിഷപ്പുമാരുടെ സിനഡ് തീരുമാനിച്ചതാണ് ഇന്ന് നടക്കുന്ന തര്‍ക്കങ്ങളുടെ തുടക്കകാരണം. 2021 ഓഗസ്റ്റിലാണ് ഇങ്ങനെയൊരു നിര്‍ദേശം വരുന്നത്. സിനഡിന്റെ നിര്‍ദേശ പ്രകാരം, കുര്‍ബാനയുടെ ആദ്യ ഭാഗങ്ങളില്‍ മാത്രം വൈദീകന്‍ ജനങ്ങള്‍ക്ക് അഭിമുഖമായി നില്‍ക്കുകയും പിന്നീടുള്ള ഭാഗത്തെല്ലാം തിരിഞ്ഞുനിന്ന് ദൈവീകരൂപങ്ങളെ അഭിമുഖീകരിച്ചും കുര്‍ബാന അര്‍പ്പിക്കണം.

സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ വിവിധ വിഭാഗങ്ങളിലും, പ്രാദേശികമായും കുര്‍ബാന ചൊല്ലുന്നതില്‍ ചില വ്യത്യാസങ്ങളുണ്ട്. ഭൂരിഭാഗം സ്ഥലങ്ങളിലും വൈദീകര്‍ വിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ടാണ് കുര്‍ബാന ചൊല്ലുക. എന്നാല്‍ ചിലയിടങ്ങളില്‍ വിശ്വാസികളില്‍ നിന്നും മുഖം തിരിഞ്ഞ് ദൈവീകരൂപകങ്ങളെ മാത്രം അഭിമുഖീകരിച്ചുകൊണ്ട് കുര്‍ബാന അര്‍പ്പിക്കുന്ന രീതിയുണ്ട്.

കുര്‍ബാനയുടെ ഭൂരിഭാഗം സമയവും വൈദീകന്‍ വിശ്വാസികള്‍ക്ക് നേരെ നില്‍ക്കുകയും ചില പ്രത്യേക സമയത്ത് പ്രാര്‍ത്ഥനകള്‍ ചൊല്ലാനായി തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നതാണ് മൂന്നാമത്തെ രീതി.

വത്തിക്കാനും മാര്‍പാപ്പയും കുര്‍ബാനയടക്കമുള്ള കാര്യങ്ങളില്‍ കത്തോലിക്കസഭയില്‍ ഒരു ഏകീകൃത രൂപം കൊണ്ടുവരണമെന്ന നിര്‍ദേശം 2021 ജൂലൈയില്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യത്യസ്ത രീതികള്‍ ഒഴിവാക്കി ദൈവീകരൂപങ്ങള്‍ക്ക് നേരെ തിരിഞ്ഞുകൊണ്ട് കുര്‍ബാന അര്‍പ്പിക്കണമെന്ന് സിനഡ് നിര്‍ദേശം നല്‍കുന്നത്.

കാലങ്ങളായി ഉയരുന്ന ആവശ്യമാണിതെന്നും കൊവിഡ് കാലത്ത് കുര്‍ബാന ചൊല്ലുന്നതുമായി ബന്ധപ്പെട്ട് പല രീതികള്‍ കെകൊള്ളേണ്ടി വന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതും പുതിയ തീരുമാനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, നിരവധി ബിഷപ്പുമാരുടെയും വൈദീകരുടെയും എതിര്‍പ്പ് പരിഗണിക്കാതെയാണ് സിനഡ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന ആക്ഷേപവും അന്ന് തന്നെ ഉയര്‍ന്നിരുന്നു.

ജനാഭിമുഖമായി നിന്നുകൊണ്ട് കുര്‍ബാന അര്‍പ്പിക്കുന്ന രീതി കാലങ്ങളായി തുടരുന്നതാണെന്നും അത് മാറ്റേണ്ടതില്ലെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. മാത്രമല്ല വൈദീകരുമായോ വിശ്വാസികളുമായോ യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രാദേശികമായ സഭകളുടെ സ്വാതന്ത്ര്യത്തെയും വൈവിധ്യങ്ങളെയും അംഗീകരിച്ചുകൊണ്ടാണ് കത്തോലിക്ക സഭ നിലനില്‍ക്കുന്നതെന്നും അതിനെ കൂടിയാണ് സിനഡിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ വെല്ലുവിളിക്കുന്നതെന്നും വിമത വിഭാഗങ്ങള്‍ പറയുന്നു.

Content Highlight: Mananthavady diocese bishop Apologises over Holy Mass Controversy in Syro Malabar Sabha

We use cookies to give you the best possible experience. Learn more