| Friday, 29th April 2022, 12:31 pm

ലവ് ജിഹാദ് ഇപ്പോള്‍ വിവാദ വിഷയമാക്കേണ്ട: ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനന്തവാടി: ലവ് ജിഹാദ് ഇപ്പോള്‍ വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം.

മാനന്തവാടി രൂപത സുവര്‍ണ ജൂബിലി ആഘോഷങ്ങളെ കുറിച്ച് വിവരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ ആശങ്കകളും ചില കണക്കുകളും സര്‍ക്കാരിന് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതുപോലെ മറ്റുള്ളവരും സമര്‍പ്പിച്ചിട്ടുണ്ടാകും. അപ്പോള്‍ ആശങ്ക അകറ്റേണ്ടത് സര്‍ക്കാറാണ്. ഈ വിഷയത്തില്‍ സമുദായ സ്പര്‍ധ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘കാര്യങ്ങള്‍ വേണ്ടപ്പെട്ടവരെ വേണ്ടസമയത്ത് വേണ്ടരീതിയില്‍ അറിയിച്ചിട്ടുണ്ട്. പരാതി പറയുന്നത് ആശങ്കയുണ്ടാകുമ്പോഴാണ്. പരാതിക്ക് പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. അതുണ്ടാകുമെന്ന് കരുതുന്നു. കാര്യങ്ങള്‍ പറയേണ്ട വേദികളില്‍ സര്‍ക്കാരിനെ അറിയിച്ചു. സ്വാഭാവികമായും ഒരു സമുദായത്തിന്റെ വലിയൊരു ഭീതി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുമ്പോള്‍ ആ ഭീതി ഇല്ലാതാക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അവരത് അന്വേഷിക്കും.

സ്ഥിതിവിവരക്കണക്കുകള്‍ സഹിതമാണ് സര്‍ക്കാരിനെ സമീപിച്ചത്. പല സമുദായങ്ങള്‍ സംസ്ഥാനത്ത് ഒരുമിച്ച് വസിക്കുന്നുണ്ട്. സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയിലേക്ക് പോകാനാവില്ല. പൊതുനേതൃത്വമായ സര്‍ക്കാരാണ് എല്ലാ സമുദായ നേതൃത്വത്തോടും കാര്യങ്ങള്‍ സംസാരിച്ച് ആശങ്ക പരിഹരിക്കേണ്ടത്.

ലവ് ജിഹാദ് ഉണ്ടോ ഇല്ലയോ എന്നതിലുപരിയായി ഞങ്ങള്‍ അവതരിപ്പിച്ച ആശങ്കകള്‍ ശരിയോ തെറ്റോ എന്ന് പറയേണ്ടതും സര്‍ക്കാരാണ്. ആശങ്ക സര്‍ക്കാര്‍ പരിഹരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ,’ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.

Content Highlight: Mananthavady Bishop About Love Jihad

We use cookies to give you the best possible experience. Learn more