കല്‍പ്പറ്റ: മാനന്തവാടിയിലെ കമ്പമല വനമേഖലയില്‍ തീയിട്ട പ്രതി പിടിയില്‍. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്.
വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. എന്തിനാണ് ഇയാള്‍ കാടിന് തീയിട്ടത് എന്നതില്‍ വ്യക്തതയില്ല. പ്രതിയെ വനംവകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്.
പ്രതിയെ നിലവില്‍ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ വനത്തിലുണ്ടായിരുന്ന തീപിടിത്തം സ്വാഭാവികമായി ഉണ്ടായതല്ലെന്ന് മാനന്തവാടി ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞിരുന്നു.
ആരെങ്കിലും കത്തിച്ചാല്‍ മാത്രമേ തീ ഇത്തരത്തില്‍ ആളി പടരുകയുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുധീഷിനെ വനംവകുപ്പ് പിടികൂടുന്നത്.
സുധീഷ് മറ്റൊരു കേസിലും പ്രതിയാണ്. തിരുനെല്ലി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ക്ക് വാറണ്ട് ഉണ്ടായിരുന്നു.
കമ്പമല മേഖലയില്‍ ഇപ്പോഴും തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇന്നലെ (തിങ്കള്‍) മാനന്തവാടി മേഖലയിലെ ഉള്‍വനത്തില്‍ 12 ഹെക്ടറോളം പുല്‍മേട് തീപിടിത്തത്തില്‍ കത്തിയിരുന്നു. കമ്പവല മേഖലയില്‍ തന്നെയാണ് ഇന്നലെയും തീപിടിത്തമുണ്ടായത്.
തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. വനം വകുപ്പ്, ഫയര്‍ ഫോഴ്സ് സംഘങ്ങള്‍ ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ തീ വീണ്ടും കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഉള്‍ക്കാടില്‍ തീപിടിത്തമുണ്ടായത്. ഇപ്പോഴും തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Content Highlight: Mananthavadi fire; The accused who set the forest on fire was arrested