ആകെ തുകയുടെ ഭൂരിഭാഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ബാക്കി കോര്‍പ്പറേഷനുമാണ് വഹിക്കുക
കോഴിക്കോട്: കോഴിക്കോടിന്റെ മുഖമായ മാനാഞ്ചിറ മൈതാനത്തിന് ഇനി പുതുമോടി. മാനാഞ്ചിറയെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരിക്കുന്നത്. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചു.
അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്ന അമൃത് (AMRUT) പദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കൊപ്പം കോര്‍പ്പറേഷനും ചേര്‍ന്നാണ് നടപ്പിലാക്കുന്നത്. നിര്‍ദ്ദിഷ്ട മാസ്റ്റര്‍ പ്ലാന്‍ നിലവില്‍ വരുന്നതോടെ മാനാഞ്ചിറ സ്‌ക്വയറിന്റെ മുഖം തന്നെ മാറും.
കോംട്രസ്റ്റ് ഫാക്ടറിയ്ക്ക് സമീപത്ത് നിന്ന് ആരംഭിച്ച് മാനാഞ്ചിറ മൈതാനത്തിനുള്ളിലൂടെ കമ്മീഷണര്‍ ഓഫീസിന് മുന്നിലേക്കുള്ള നടപ്പാതയാണ് പദ്ധതിയിലെ പ്രധാന നിര്‍ദ്ദേശം. ഗെയിറ്റോടു കൂടിയ നടപ്പാതയുടെ മേല്‍ക്കൂരയില്‍ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിക്കും.
ഇത് കൂടാതെ കുട്ടികള്‍ക്കായി പാര്‍ക്ക്, കൂടുതല്‍ ഇരിപ്പിടങ്ങള്‍ എന്നിവയും മാനാഞ്ചിറ കുളത്തിന് സെന്‍സറിംഗും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. 71.3 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.
ആകെ തുകയുടെ ഭൂരിഭാഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ബാക്കി കോര്‍പ്പറേഷനുമാണ് വഹിക്കുക. അമൃത് പദ്ധതിയുടെ ഭാഗമായി കുടിവെള്ള വിതരണത്തിന് 17.87 കോടി, സ്വീവേജ് നവീകരണത്തിന് 45.60 കോടിയും ഡ്രെയിനേജുകള്‍ക്കായി 6.81 കോടിയുമാണ് നീക്കി വെച്ചിട്ടുള്ളത്.