| Monday, 29th August 2016, 6:56 pm

സാശ്രയ മെഡിക്കല്‍ പ്രവേശനം; നാല് തരം ഫീസെന്ന ഒത്തുതീര്‍ത്ത് ഫോര്‍മുലയുമായി മാനേജ്‌മെന്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാവിലത്തെ ചര്‍ച്ചയില്‍ ഏകീകൃത ഫീസെന്ന ആവശ്യത്തില്‍ മാനേജ്‌മെന്റുകള്‍ ഉറച്ച് നിന്നു. എന്നാല്‍ 50 ശതമാനം മെറിറ്റ് സീറ്റ് മാറ്റാനാവില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജയും നിലപാടെടുത്തു.


തിരുവനന്തപുരം: സാശ്രയ മെഡിക്കല്‍ പ്രവേശന തര്‍ക്കം പരിഹരിക്കാന്‍ മെഡിക്കല്‍ പ്രവേശനത്തിന് നാല് തരം ഫീസ് ഘടനയുമായി മാനേജ്‌മെന്റിന്റെ ഒത്തുതീര്‍ത്ത് ഫോര്‍മുല.

ഇതനുസരിച്ച് 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് നല്‍കും. ഇതില്‍ 20 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസില്‍ പഠിപ്പിക്കാന്‍ തയ്യാറാണെന്നും 30 ശതമാനം സീറ്റില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു.

ഈ 30 ശതമാനത്തില്‍ കഴിഞ്ഞ തവണത്തെ 1.85 ലക്ഷത്തില്‍ നിന്ന് ഫീസ് അഞ്ച് ലക്ഷമാക്കണമെന്നാണ് ആവശ്യം.

35 ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ 10 മുതല്‍ 15 ലക്ഷം വരെയും  15 ശതമാനം എന്‍.ആര്‍.ഐ സീറ്റില്‍  15 ലക്ഷം മുതല്‍ 20 ലക്ഷം വരെയും ഫീസ് വേണമെന്നും മാനേജന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച ഒത്തുതീര്‍പ്പ് നിര്‍ദേശം മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് അയച്ചു. വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകും.

തര്‍ക്കം പരിഹരിക്കാന്‍ മാനേജ്‌മെന്റ് അസോസിയേഷനും സര്‍ക്കാരും തമ്മില്‍ രാവിലെ നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നില്ല ഇതേത്തുടര്‍ന്നാണ് വൈകിട്ട് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. രാവിലത്തെ ചര്‍ച്ചയില്‍ ഏകീകൃത ഫീസെന്ന ആവശ്യത്തില്‍ മാനേജ്‌മെന്റുകള്‍ ഉറച്ച് നിന്നു. എന്നാല്‍ 50 ശതമാനം മെറിറ്റ് സീറ്റ് മാറ്റാനാവില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജയും നിലപാടെടുത്തു.

ഇന്നത്തെ ചര്‍ച്ചയ്ക്ക് ശേഷമേ ജയിംസ് കമ്മിറ്റിയും പ്രവേശനപരീക്ഷാകമ്മീഷണറും തുടര്‍നടപടികളിലേക്ക് കടക്കൂ. കോളേജുകളുടെ പ്രോസ്‌പെക്ടസുകള്‍ ജയിംസ് കമ്മിറ്റി പരിശോധിച്ചുവരുകയാണ്.

സര്‍ക്കാരുമായി ഫീസ് ധാരണയെത്തിയില്ലെങ്കില്‍ കോളേജുകളുടെ വരവ് ചെലവ് കണക്കാക്കി ജയിംസ് കമ്മിറ്റി ഫീസ് നിര്‍ണയിച്ച് നല്‍കിയേക്കും. ഇതിന് കാലതാമസമുണ്ടായാല്‍ ഇടക്കാല ഉത്തരവിലൂടെ ജയിംസ് കമ്മിറ്റി കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കും.

ഫീസിന്റെ കാര്യത്തില്‍ മാനേജ്‌മെന്റുകളുമായി യോജിക്കാനായില്ലെങ്കില്‍ കോളേജുകളുടെ വരവ് ചെലവ് കണക്കാക്കി ജയിംസ് കമ്മിറ്റിയെക്കൊണ്ട് ഫീസ് നിര്‍ണയിക്കുന്നകാര്യം സര്‍ക്കാരിന് അലോചിക്കേണ്ടിവരും. ഇത് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചേക്കുമെന്നാണ് കരുതുന്നത്.

ഏകീകൃത ഫീസിന് എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ താഴ്ന്നവരുമാനക്കാരായ നിശ്ചിത ശതമാനം പേര്‍ക്കെങ്കിലും കുറഞ്ഞഫീസ് നിരക്ക് നിശ്ചയിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

We use cookies to give you the best possible experience. Learn more