കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുണ്ടായ വിവാദങ്ങള്‍ക്കിടെ മനാഫിന്റെ യുട്യൂബ് ചാനലില്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ വര്‍ധനവ്.
ലോറി ഉടമ മനാഫ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിന്റെ പേരില്‍ ഇന്നലെ വിവാദങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബ് ചാനലില്‍ 2 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് കൂടിയത്.
അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ സമയത്ത് തുടങ്ങിയ യൂട്യൂബ് ചാനലില്‍ ആദ്യം പതിനായിരം സബ്‌സ്‌ക്രൈബേഴ്‌സ് ആയിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ മനാഫിന്റെ യൂട്യൂബ് ചാനലിനെ കുറിച്ച് അര്ജുന്റെ കുടുംബം പരാമര്‍ശിച്ചതിന് പിന്നാലെയാണ് പതിനായിരത്തില്‍ നിന്നും 2 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആയി ഉയര്‍ന്നത്.
സൈബര്‍ ആക്രമണങ്ങള്‍ പരിധി വിട്ട് കഴിഞ്ഞെന്നും തങ്ങളുടെ വൈകാരികത ചൂഷണം ചെയ്യുകയാമെന്നും കുടുംബം ആരോപിച്ചിരുന്നു. ‘ഞങ്ങളുടെ വൈകാരികത അദ്ദേഹം ചൂഷണം ചെയ്യുകയാണ്. മീഡിയ അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടിയല്ലാതെ ഒരിക്കല്‍ പോലും അദ്ദേഹം ഞങ്ങളെ നേരിട്ട് വിളിച്ചിട്ടില്ല,’ അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.
പിന്നാലെ അര്‍ജുന്റെ സഹോദരിഭര്‍ത്താവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ നടന്നിരുന്നു. അദ്ദേഹം സംഘപരിവാര്‍ അനുകൂലിയാണെന്നും അത് കൊണ്ടാണ് മനാഫിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നുമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.