അര്‍ജുന്റെ കുടുംബത്തെ കാണാന്‍ മനാഫെത്തി; തെറ്റിദ്ധാരണകള്‍ പറഞ്ഞു തീര്‍ത്തെന്ന് റിപ്പോര്‍ട്ട്
Kerala News
അര്‍ജുന്റെ കുടുംബത്തെ കാണാന്‍ മനാഫെത്തി; തെറ്റിദ്ധാരണകള്‍ പറഞ്ഞു തീര്‍ത്തെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th October 2024, 10:51 pm

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ഒത്തുതീര്‍പ്പ് ഉണ്ടായതായി റിപ്പോര്‍ട്ട്. ലോറി ഉടമയായ മനാഫ് അര്‍ജുന്റെ കുടുംബത്തെ കാണാനെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ എല്ലാം പറഞ്ഞ് തീര്‍ത്ത് ഇരുകൂട്ടരും ഒത്തുതീര്‍പ്പിലെത്തിയത്.

ഒരു യൂട്യൂബ് ചാനല്‍ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇനി അര്‍ജുന്റെ കുടുംബത്തിനൊപ്പം മനാഫും കൂടെയുണ്ടാകുമെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞ് തീര്‍ത്തെന്ന് ഇരുകൂട്ടരും വീഡിയോയില്‍ വ്യക്തമാക്കി. കൂടാതെ അന്ന് വാര്‍ത്താ സമ്മേളനത്തില്‍ പല കാര്യങ്ങളും പറഞ്ഞ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ അര്‍ജുന്റെ അളിയന്‍ ജിതിന്‍ തന്നെ വര്‍ഗീയവാദിയാക്കി ചിത്രീകരിച്ചതില്‍ വിഷമമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ അര്‍ജുന്റെ കുടുംബത്തിനെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നിരുന്നു. അര്‍ജുന്റെ അമ്മയ്ക്കും ഭാര്യയ്ക്കും സഹോദരിക്കും എതിരെ വരെ ആക്രമണമുണ്ടായി. ഒടുവില്‍ കുടുംബം ഇതിനെതിരെ ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

അര്‍ജുന്റെ മകനെ തന്റെ നാലാമത്തെ മകനായി വളര്‍ത്തും എന്ന മനാഫിന്റെ വാക്കുകള്‍ കുടുംബത്തിന് മാനസികമായി വിഷമം ഉണ്ടാക്കിയെന്നും മനാഫ് കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുകയാണെന്നാണ് അന്ന് കുടുംബം ആരോപിച്ചത്.

തങ്ങളുടെ വൈകാരികത ചൂഷണം ചെയ്ത് മനാഫ് പല കോണില്‍ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതായി കുടുംബത്തിന് വിവരം കിട്ടിയതായും കൂടാതെ മുങ്ങല്‍ വിദഗ്ദനായ ഈശ്വര്‍ മാല്‍പെയും തെരച്ചിലിനിടെ എന്ത് സാധനങ്ങള്‍ ലഭിച്ചാലും അത് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുമായിരുന്നെന്നും കുടുംബം ആരോപിച്ചിരുന്നു.

കൂടാതെ മനാഫിനും യൂട്യൂബ് ചാനല്‍ ഉണ്ടെന്നും അവിടെ നിന്നിട്ട് വീഡിയോ എടുത്തിട്ട് അപ്‌ലോഡ് ചെയ്ത് 500 പേര്‍ കണ്ടു, 600 പേര്‍ കണ്ടു, സൂപ്പര്‍ ആണെന്നൊക്കെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പറഞ്ഞിരുന്നെന്നും കുടുംബം പത്രസമ്മേളനത്തിനിടെ വ്യക്തമാക്കി. എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മനാഫും രംഗത്തെത്തിയിരുന്നു. താന്‍ തെറ്റ് ചെയ്‌തെന്ന് തെളിയിച്ചാല്‍ പൊതുജനത്തിന് തനിക്കെതിരെ കല്ലെറിയാം എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Content Highlight: Manaf meet Arjun’s family; The report says that the misunderstandings are over