ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദല്‍ഹിയില്‍ എത്തിയ അന്‍പത്തഞ്ചുകാരന്‍ കാറിന് തീപിടിച്ച് മരണപ്പെട്ടു. ജനക് രാജ് എന്ന ആളാണ് മരിച്ചത്.
ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ ട്രാക്ടറുകളുടെ അറ്റകുറ്റ പണിക്കെത്തിയതായിരുന്നു ഇദ്ദേഹമെന്ന് പൊലീസ് അറിയിച്ചു.
ട്രാക്ടര്‍ മെക്കാനിക്കായ ഇദ്ദേഹം കര്‍ഷകരുടെ ട്രാക്ടറുകള്‍ സൗജന്യമായി നന്നാക്കാനാണ് സംഭവസ്ഥലത്ത് എത്തിയത്. ട്രാക്ടറുകള്‍ നന്നാക്കിയ ശേഷം നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഉറങ്ങുകയായിരുന്നു ജനക് രാജ്. ഇതിനിടെ കാറിന് തീപിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ബഹദുര്‍ഗാഹില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനയങ്ങള്‍ക്കെതിരെ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് തുടരുകയാണ്. കര്‍ഷകുടെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയില്‍ ദേശീയ നേതാക്കള്‍ ഞായറാഴ്ച രാത്രി യോഗം ചേര്‍ന്നിരുന്നു.
നേരത്തെ സമരവേദി മാറ്റണമെന്ന അമിത് ഷായുടെ തീരുമാനം കര്‍ഷകര്‍ തള്ളിയിരുന്നു. സമരം ബുറാഡിയിലേക്ക് മാറ്റാന്‍ കര്‍ഷകര്‍ തയ്യാറായാല്‍ സര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഉപാധികളോടെയുള്ള ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറല്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. തൊട്ടുപിന്നാലെയാണ് തിരക്കിട്ട ചര്‍ച്ചകള്‍ നടന്നത്.
ഇപ്പോള്‍ സമരം നടക്കുന്ന ദല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഗുവില്‍ തന്നെ സമരം തുടരുമെന്ന് കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകരുടെ സമരം നാല് ദിവസം പിന്നിടുമ്പോള്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണിനിരന്നിട്ടുണ്ട്. ദിനംപ്രതി സമരവേദിയിലെ ആളുകളുടെ എണ്ണം കൂടിവരികയാണ്.
സമരത്തില്‍ നിന്നും ഒരിഞ്ച് പിന്നാട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് സമരം ചെയ്യുന്ന കര്‍ഷകര്‍. രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധം തുടരവെ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ കാര്‍ഷിക ബില്ല് കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങളുടെ വാതില്‍ തുറന്നു നല്‍കുന്നതാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കീ ബാത്തിലൂടെ പറഞ്ഞത്.
മോദിയുടെ പ്രതികരണത്തിന് പിന്നാലെ കര്‍ഷകര്‍ കൂടുതല്‍ ആവേശത്തോടെ കാര്‍ഷിക നിയമത്തിനെതിരായ മുദ്രാവാക്യം വിളിച്ച് സമരപരിപാടികള്‍ ശക്തമാക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Man Who Volunteered At Farmers’ Protest Burnt Alive As Car Catches Fire