ലണ്ടന്‍: ബ്രിട്ടനില്‍ ചാള്‍സ് രാജാവിനും ഭാര്യയും ക്വീന്‍ കണ്‍സോര്‍ട്ടുമായ കാമിലക്കും നേരെ മുട്ടയേറ്. വടക്കന്‍ ഇംഗ്ലണ്ടില്‍ വെച്ച് നടന്ന ഒരു പൊതു പരിപാടിക്കിടെയായിരുന്നു ഇരുവര്‍ക്കും നേരെ പ്രതിഷേധസൂചകമായി മുട്ടയേറുണ്ടായത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബുധനാഴ്ച നടന്ന സംഭവത്തില്‍ ഒരു യുവാവിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വഴിയരികില്‍ കൂടിനിന്ന ആളുകളോട് സംസാരിച്ച് നില്‍ക്കവെ ചാള്‍സിനും ഭാര്യ കാമിലക്കും നേരെ ആള്‍ക്കൂട്ടത്തില്‍ നിന്നും ആരോ മുട്ടയെറിയുന്നതായാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഇത് ഇവരുടെ ദേഹത്ത് കൊണ്ടിട്ടില്ല.
ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തുകയും മുട്ട എറിഞ്ഞയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ യോര്‍ക്ക് നഗരത്തിലെ ഹിസ്‌റ്റോറിക് സ്‌പോട്ടായ മിക്ലെഗേറ്റ് ബാറിലായിരുന്നു (Micklegate Bar) ചാള്‍സും കാമിലയും.
രാജകുടുംബത്തിലെ താരതമ്യേന ജനപ്രീതി കുറഞ്ഞയാള്‍ എന്ന നിലയില്‍ ചാള്‍സിന്റെ രാജാവായുള്ള അധികാരമേറ്റെടുക്കലില്‍ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് എലിസബത്ത് രാജ്ഞി അന്തരിച്ചതിന് പിന്നാലെയായിരുന്നു മൂത്ത മകനും കിരീടാവകാശിയുമായിരുന്ന ചാള്‍സ് സ്ഥാനമേറ്റെടുത്തത്.
സെപ്റ്റംബര്‍ 11നായിരുന്നു 73കാരനായ ചാള്‍സ് പുതിയ രാജാവായി അധികാരമേറ്റത്.
എന്നാല്‍ ചാള്‍സിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ വലിയ പ്രതിഷേധവും അരങ്ങേറിയിരുന്നു.
സെപ്റ്റംബര്‍ 11ന് സ്‌കോട്‌ലാന്‍ഡിലെ എഡിന്‍ബര്‍ഗില്‍ വെച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങിനിടെ ചാള്‍സിനെ രാജാവായി പ്രഖ്യാപിച്ചതിനോട് എഡിന്‍ബര്‍ഗ് നിവാസികള്‍ ഉച്ചത്തിലുള്ള ആക്രോശത്തോടെയായിരുന്നു പ്രതികരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ബ്രിട്ടന്റെ ദേശീയ ഗാനം ആലപിച്ചപ്പോഴടക്കം ജനക്കൂട്ടത്തില്‍ നിന്നും പ്രതിഷേധസൂചകമായി വലിയ ബഹളവും പരിഹാസവും ഉയര്‍ന്നിരുന്നു.
രാജവാഴ്ചക്കെതിരായി നിലകൊള്ളുന്ന ജനാധിപത്യ വിശ്വാസികള്‍ ചാള്‍സിന്റെ സ്ഥാനാരോഹണത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും രാജവാഴ്ചാ വിരുദ്ധ ചിഹ്നങ്ങള്‍ ധരിക്കുകയും ചെയ്തിരുന്നു.
‘സാമ്രാജ്യത്വം തുലയട്ടെ, രാജവാഴ്ച ഇല്ലാതാക്കുക’ (F** Imperialism, Abolish the monarchy) എന്നെഴുതിയ പ്ലക്കാര്‍ഡുകളടക്കം പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.
ബ്രിട്ടനില്‍ നിന്നും സ്‌കോട്‌ലാന്‍ഡിന്റെ സമ്പൂര്‍ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട്, ‘റിപ്പബ്ലിക് നൗ’ (Republic Now), ‘ഔര്‍ റിപ്പബ്ലിക് ഫോര്‍ എ ഡെമോക്രാറ്റിക് ഫ്യൂചര്‍’ (Our Republic for a Democratic Future) എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
എലിസബത്തിന്റെ ഭരണസമയത്ത് സര്‍ക്കാര്‍ കാര്യങ്ങളിലടക്കം ഇടപെടാന്‍ ചാള്‍സ് ശ്രമിച്ചതിന്റെ തെളിവുകളടക്കം പുറത്തുവന്നതും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
Content Highlight: Man who throwed eggs at King Charles and Queen consort Kamila detained by police