ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ കള്ളന്‍ അറസ്റ്റില്‍. ദല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 27 വര്‍ഷമായി മോഷണ രംഗത്ത് ‘സജീവമായി’ തുടരുകയായിരുന്ന അനില്‍ ചൗഹാന്‍ എന്നയാളാണ് അറസ്റ്റിലായത്. അസം സര്‍ക്കാരിന്റെ കീഴില്‍ കോണ്‍ട്രാക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഇയാളുടെ പക്കല്‍ നിന്നും 5000 കാറുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആര്‍ഭാടമായ ജീവിതം സ്വന്തമാക്കാന്‍ വേണ്ടിയാണ് അനില്‍ കാറുകള്‍ മോഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിരവധി സ്വത്തുക്കളാണ് അനിലിന്റെ പേരിലുള്ളതെന്നും പൊലീസ് പറയുന്നുണ്ട്.
27വര്‍ഷം കൊണ്ടാണ് അനില്‍ അയ്യായിരം കാറുകള്‍ മോഷ്ടിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്ത് കാറുകള്‍ മോഷ്ടിക്കുകയാണ് അനിലിന്റെ രീതി. ഇത്തരത്തില്‍ മോഷ്ടിക്കുന്ന വാഹനങ്ങളെ പിന്നീട് നേപ്പാളിലേക്ക് കടത്തും.
1995ലായിരുന്നു അനില്‍ തന്റെ മോഷണ കരിയര്‍ തുടങ്ങിയത്. അന്ന് 800മാരുതി കാറുകള്‍ മോഷ്ടിച്ച സംഭവത്തിലെ കുപ്രസിദ്ധനായ മോഷ്ടാവ് കൂടിയായിരുന്നു അനില്‍. ഓട്ടോ ഡ്രൈവറായിരുന്ന അനില്‍ 1995ന് ശേഷമാണ് കാറുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.
മോഷണത്തിന് പുറമേ മോഷണം എതിര്‍ത്ത ടാക്‌സി ഡ്രൈവര്‍മാരെയും അനില്‍ കൊലപ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ അനില്‍ ചൗഹാനെതിരെ 180ഓളം കേസുകളാണ് രാജ്യത്ത് വിവിധയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസമിലായിരുന്നു അനില്‍ താമസിച്ചിരുന്നത്. ഇവിടെനിന്നും കള്ളക്കടത്തു സംഘത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത വസ്തുക്കളില്‍ കാണ്ടാമൃഗത്തിന്റെ കൊമ്പുകളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
അസമിലെ തേജ്പൂര്‍ സ്വദേശിയായ അനില്‍ ചൗഹാനെ നിരവധി തവണ ഇതിന് മുമ്പും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2015ല്‍ കോണ്‍ഗ്രസ് എം.എല്‍.എയ്‌ക്കൊപ്പം അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു,
മൂന്ന് ഭാര്യമാരാണ് അനിലിനുള്ളതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇയാള്‍ ആയുധക്കടത്തു നടത്തുന്നതായും പൊലീസ് സംശയമുന്നയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
Central Distt Spl staff nabbed a criminal with 181 previous cases; a known smuggler of rhino horns, stole over 5000 vehicles from various parts of country. Was a Class I contractor in Assam govt. 6 desi pistols, 7 live cartridges,1 stolen car & bike recovered. #DelhiPoliceUpdatespic.twitter.com/WkrFuZSay3