| Thursday, 10th August 2023, 10:51 am

ജോ ബൈഡനെതിരെ സോഷ്യല്‍ മീഡിയയില്‍ വധഭീഷണി മുഴക്കിയയായളെ എഫ്.ബി.ഐ വെടിവെച്ചു കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാളെ എഫ്.ബി.ഐ ഏജന്റുമാര്‍ വെടിവെച്ചു കൊന്നു. ജോ ബൈഡനെതിരെ വധഭീഷണി മുഴക്കി ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ പോസ്റ്റുകള്‍ ഇട്ടിരുന്നു. ക്രെയ്ഗ് റോബര്‍ട്‌സണ്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പ്രസിഡന്റ് യൂട്ടയില്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇയാളെ വെടിവെച്ചു കൊന്നിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.

പ്രത്യേക ഏജന്റുമാര്‍ പ്രോവോയിലെ വസതിയില്‍ റെയ്ഡ് നടത്തുകയും അറസ്റ്റിനായി ശ്രമിക്കുന്നതിനും ഇടയിലാണ് ക്രെയ്ഗ് റോബര്‍ട്‌സണ്‍ കൊല്ലപ്പെട്ടതെന്ന് എഫ്.ബി.ഐ സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് ബ്യൂറോ അറിയിച്ചിട്ടുണ്ട്. നേരത്തെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട്  യൂട്ടയിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലെ പേര് ക്രെയ്ഗ് റോബര്‍ട്‌സണ്‍ എന്നാണങ്കിലും കൊല്ലപ്പെട്ടയാളുടെ പേര് ഇത് തന്നെയാണോയെന്ന് ബ്യൂറോ സ്ഥിരീകരിച്ചിട്ടില്ല. എന്തിനാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതെന്ന കാര്യവും വ്യക്തമല്ല.

സെപ്റ്റംബറില്‍ ബൈഡനെയും കമല ഹാരിസിനെയും വധിക്കുമെന്ന് പറഞ്ഞുകൊണ്ട് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. പ്രസിഡന്റ് യൂട്ട സന്ദര്‍ശിക്കുന്നതിനെതിരെയും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി അല്‍വിന്‍ ബ്രാഗ്, യു.എസ് അറ്റോര്‍ണി മെറിക് ഗാര്‍ലെന്‍ഡ് എന്നിവര്‍ക്കെതിരെയും ഇയാള്‍ ഭീഷണി ഉയര്‍ത്തിയിരുന്നതായി പരാതിയിലുണ്ട്.

ബ്രാഗിനെ ഉന്മൂലനം ചെയ്യുകയെന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ് ന്യൂയോര്‍ക്കിലേക്ക് പോകുന്നതെന്ന ഇയാളുടെ പോസ്റ്റ് പരാതിയുടെ കൂടെ നല്‍കിയിരുന്നു. പ്രസിഡന്റ് ജോ ബൈഡന്‍ യുട്ടായിലേക്ക് വരുന്നതായി കേട്ടു, ഇത് പ്രസിഡന്‍ഷ്യല്‍ വധത്തിനുള്ള ശരിയായ സമയമാണ്. ആദ്യം ബൈഡന്‍ പിന്നെ കമല എന്നായിരുന്നു ഇയാള്‍ മറ്റൊരു പോസ്റ്റില്‍ എഴുതിയിരുന്നത്.

പ്രസിഡന്റിനെതിരായ ഭീഷണി, അന്തര്‍ സംസ്ഥാന ഭീഷണി, ഫെഡറല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്കെതിരായ ഭീഷണി തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. നേരത്തെ ഇയാള്‍ക്കെതിരായ പരാതിയും റെയ്ഡും എ.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘ടാക്‌സ് ഫോഴ്‌സ് അംഗങ്ങളുമായോ ഞങ്ങളുടെ ഏജന്റുകളുമായോ ബന്ധപ്പെട്ട എല്ലാ വെടിവെപ്പ് സംഭവങ്ങളും വളരെ ഗൗരവത്തോടെ തന്നെ എഫ്.ബി.ഐ എടുക്കും,’ പ്രസ്താവനയിലൂടെ എഫ്.ബി.ഐ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ അറിയിച്ചു.

Content Highlights: Man who shared post against jo bide killed in fbi raid

We use cookies to give you the best possible experience. Learn more